ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി

ശബരിമല വിമാനത്താവളത്തിന് അനുമതി ലഭിക്കാന്‍ ആവശ്യമായ നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. വിമാനത്താവളം തീര്‍ഥാടക ടൂറിസത്തിന് വളര്‍ച്ചയുണ്ടാക്കുമെന്ന് പാര്‍ലമെന്ററി സമിതി വിലയിരുത്തി.

കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായും കെ.എസ്.ഐ.ഡി.സിയുമായും ചേര്‍ന്ന് പ്രധാന തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ ശബരിമല വിമാനത്താവളത്തിന്റെ വിഷയം വ്യേമയാന മന്ത്രാലയം ഏറ്റെടുക്കണമെന്നും തിങ്കളാഴ്ച പാര്‍ലമെന്ററിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി നിര്‍ദേശിച്ചു.

വികസിത വിനോദ സഞ്ചാര സര്‍ക്യൂട്ടുകളായ കൊച്ചിക്കും തിരുവനന്തപുരത്തിനും അടുത്തായതിനാല്‍ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേര്‍ന്ന് ശബരിമലയെയും ഈ സര്‍ക്യൂട്ടുമായി ബന്ധിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

31 എം.പിമാര്‍ അടങ്ങുന്ന ടി.ജി. വെങ്കിടേക്ഷ് അധ്യക്ഷനായ ഗതാഗത, വിനോദ സഞ്ചാര, സംസ്‌കാരിക വകുപ്പുകള്‍ക്കുള്ള പാര്‍ലമെന്ററി സമിതിയില്‍ കേരളത്തില്‍നിന്ന് കെ. മുരളീധരന്‍, ആന്റോ ആന്റണി എന്നിവരുണ്ട്.