കോട്ടയത്ത് വന്‍ സുരക്ഷ; പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റം

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയെ തുടര്‍ന്ന് കോട്ടയത്ത വന്‍ സുരക്ഷാ നിയന്ത്രണം. നാട്ടുകാരെ വലക്കുന്ന രീതിയിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങള്‍ കെ.കെ.റോഡില്‍ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തടഞ്ഞിട്ടതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായി. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ സിപിഎമ്മിന്റെ പോഷകസംഘടനയുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുന്നത്

പതിവില്‍ നിന്ന് വ്യത്യസ്തമായി നിലവിലുള്ള സുരക്ഷയ്ക്ക് പുറമേ അധിക സുരക്ഷയ്ക്കായി നാല്‍പതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിച്ചത്്. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ച് പേര്‍. രണ്ട് കമാന്‍ഡോ വാഹനത്തില്‍ 10 പേര്‍, ദ്രുത പരിശോധനാ സംഘത്തില്‍ എട്ടുപേര്‍ എന്നിങ്ങനെയായിരുന്നു സുരക്ഷ ഒരുക്കിയിരുന്നത്.

സമ്മേളനത്തില്‍ എത്തുന്ന മാധ്യമങ്ങള്‍ക്കുള്‍പ്പെടെ അസാധാരണ നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്.മാധ്യമങ്ങള്‍ക്കായി പ്രത്യേകം പാസ് ഏര്‍പ്പെടുത്തിയിരുന്നു. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താനാണ് മാധ്യമങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നത്. കറുത്ത മാസ്‌ക് ധരിക്കരുതെന്നും നിര്‍ദ്ദേശിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്ന് പൊലീസ് അറിയിച്ചു. ബോംബ് സ്‌ക്വാഡ് അടക്കമുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം പിണറായി വിജയന്‍ പൊലീസ് കോട്ടകെട്ടി അതിനകത്ത് ഇരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. പിണറായി വിജയന് മാധ്യമങ്ങളെ ഭയമാണെന്നും ആരോപണങ്ങള്‍ക്ക് പിന്നാലെ വിജിലന്‍സ് മേധാവിയെ മാറ്റിയ നടപടി അപമാനകരമാണെന്നും വിജിലന്‍സ് മേധാവിയെ മറയാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.