മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടുന്നില്ല, നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നു

നിയമസഭയില്‍ ഉറപ്പ് നല്‍കിയതില്‍ നിന്നും വ്യത്യസ്തമായി വടകരയിലെ സി.ഒ.ടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. കേസില്‍ ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണം നടക്കവെയാണ് സി.ഐയേയും എസ്ഐ യും സ്ഥലം മാറ്റുന്നത്. ഇതോടെ കസ്റ്റഡിയില്‍ വാങ്ങിയ ആസൂത്രകന്‍ സന്തോഷിനെ ചോദ്യം ചെയ്യാനും സാധിക്കാത്ത സ്ഥിതിയായി.

അതിനു പിന്നാലെയാണ് സ്ഥലംമാറ്റം. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സി.ഒ.ടി നസീര്‍ പറഞ്ഞു. ഹൈക്കോടതിയെ അടക്കം സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
നസീറിനെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് നേരത്തെ സഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നത്. താന്‍ ഷംസീര്‍ എം.എല്‍.എക്കെതിരെ പൊലീസ് മൊഴി നല്‍കിയിട്ടുണ്ടെന്നും നസീര്‍ പറഞ്ഞിരുന്നു.

ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പൊലീസ് അത് അന്വേഷിക്കാന്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷവും നിയമസഭയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സി.പി.എം വിട്ട പാര്‍ട്ടി പ്രവര്‍ത്തകനായ സി.ഒ.ടി നസീര്‍ വടകരയില്‍ സ്വാതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.