ഒരു സര്‍ട്ടിഫിക്കറ്റിനായി സര്‍ക്കാര്‍ ഓഫീസ് കയറിയിറങ്ങിയത് 150 തവണ, എന്നിട്ടും കലിപ്പ് തീരാതെ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് 12000 രൂപ, ഒടുവില്‍ കൈക്കൂലി കേസില്‍ ജയിലില്‍, കൂട്ടുപ്രതിക്ക് സ്ഥലംമാറ്റം മാത്രം

ഭൂമി, കെട്ടിടം, ജനനം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ചാകരയാണ്. ഇതിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നരകിച്ചവരും ഒടുവില്‍ മരണം  വരിച്ചവരും ഈ കേരളത്തിലുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ മുടക്കി സാധാരണക്കാരന്റെ അന്നം മുട്ടിക്കാന്‍ ലീവ് റദ്ദാക്കി ഓഫീസില്‍ വരുന്ന “വിപ്ലവകാരികളായ” ഉദ്യോഗസ്ഥര്‍ ഇത് മുടക്കാന്‍ നൂറു നൂറ് കാരണങ്ങളാണ് പറയുക. ദാ കോട്ടയത്തു നിന്നൊരു കഥയിങ്ങനെ.

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് വേണ്ടിയെത്തിയ നാട്ടകം സ്വദേശിക്ക് കോട്ടയം നഗരസഭയുടെ നാട്ടകം മേഖല കാര്യാലയത്തില്‍ കയറിയിറങ്ങേണ്ടി വന്നത് 150 തവണ!!! ഗത്യന്തരമില്ലാതെ വിജിലന്‍സില്‍ പരാതി നല്‍കിയതോടെ കൈക്കൂലി കേസില്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടറായ സീനിയര്‍ ക്ലാര്‍ക്ക് എം ടി പ്രമോദ് അറസ്റ്റിലായി. കൂട്ടുപ്രതിയായ വനിത  ഓഫീസറെ സ്ഥലം മാറ്റി തടിയൂരി.

150 വട്ടം നടത്തിയിട്ടും 12,000 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
ഫെബ്രുവരിയിലാണ് ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിനു വേണ്ടി നാട്ടകം സ്വദേശി അപേക്ഷ നല്‍കിയത്. ഇയാളുടെ അച്ഛന്റെയും മുത്തച്ഛന്റെയും പേരിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായിരുന്നു അപേക്ഷ. കെട്ടിട കൈവശാവകാശ പത്രത്തിന് അപേക്ഷ നല്‍കിയാല്‍ 15 ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് നിയമം. എന്നാല്‍ അപേക്ഷ നല്‍കി മൂന്ന് മാസം കഴിഞ്ഞിട്ടും നടപടികള്‍ ഒന്നും തന്നെയുണ്ടായില്ല. പ്രമോദിനെ വീണ്ടും സമീപിച്ച അപേക്ഷകനോട് രേഖകള്‍ പാസാക്കി ഒപ്പിടണമെങ്കില്‍ 12,000 രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സൂപ്രണ്ട് സരസ്വതിയ്ക്കായിരുന്നു ചുമതല. കൂട്ടുകച്ചവടത്തില്‍ പ്രതിയായ ഇവരെ പിന്നീട് സ്ഥലം മാറ്റുകയും ചെ്തു.
സൂപ്രണ്ടും പ്രമോദും നേരിട്ടെത്തി സ്ഥലം പരിശോധിക്കണമെന്ന് പറഞ്ഞാണ് ആദ്യം അപേക്ഷ വൈകിപ്പിച്ചത്. ഇവര്‍ പരിശോധനയ്‌ക്കെത്തി. പക്ഷെ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. തുടര്‍ന്നാണ് പ്രമോദ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ കോട്ടയം വിജിലന്‍സ് എസ്പി വി. ജി വിനോദ് കുമാറിന് അപേക്ഷകന്‍ പരാതി നല്‍കി.

150 തവണ കയറിയിറങ്ങിയ ശേഷമാണ് 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് അപേക്ഷകന്‍ പറയുന്നു. അപേക്ഷകന്റെ പരാതിയനുസരിച്ച് ഓഫീസിലെത്തിയ വിജിലന്‍സ് പരിശോധനയില്‍ നോട്ടുകള്‍ പിടിച്ചെടുക്കുകയും പിന്നീട് പ്രമോദിനെ അറസ്റ്റും ചെയ്യുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്.