കൊല നടത്താന്‍ സി.പി.എമ്മില്‍ പ്രത്യേക ടീം, ആകാശ് തില്ലങ്കേരിയെ സര്‍ക്കാരിന് ഭയം: വി.ഡി സതീശന്‍

കൊല നടത്താന്‍ സി.പി.എമ്മില്‍ പ്രത്യേക ടീമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശന്‍. ശുഹൈബിന്റെ കൊലപാതകം ഓര്‍മിപ്പിച്ച് ആകാശ് തില്ലങ്കേരി പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണെന്നും സതീശന്‍ പറഞ്ഞു.

തീവ്രവാദ സംഘടനകള്‍ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സിപിഎമ്മിന് ചെയ്യാനാകും. സിപിഎം ആളെക്കൊല്ലി പാര്‍ട്ടിയെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് ഇന്നലെ കോടതിയില്‍ നിന്ന് ഇറങ്ങി പോയത്. എം.വി ഗോവിന്ദന്റെ ജാഥ കൊണ്ട് സിപിഎമ്മിന്റെ കൊലപാതകക്കറ മായില്ലെന്നും വിഡി സതീശന്‍ കണ്ണൂരില്‍ പറഞ്ഞു.

സംഭവത്തില്‍ ഇനി പ്രകോപനത്തിനില്ലെന്നാണ് ആകാശ് തില്ലങ്കേരി സ്വീകരിച്ചിരിക്കുന്ന നിലപാട്. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ പത്തി മടക്കിയിരിക്കുകയാണ് ആകാശ്.

പാര്‍ട്ടി അംഗങ്ങളെ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളിക്കില്ലെന്നും പാര്‍ട്ടി ലേബല്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ ഇടപെടില്ലെന്നുമാണ് ആകാശിന്റെയും സംഘത്തിന്റെയും നിലപാട്. പാര്‍ട്ടിയുമായുള്ള ഏറ്റുമുട്ടല്‍ ഗുണകരമാകില്ലെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പിന്മാറ്റം.