അയയാതെ ഗവര്‍ണര്‍; വിവാദ ബില്ലുകളില്‍ ഒപ്പിട്ടില്ല

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭ പാസാക്കിയ വിവാദ ബില്ലുകളില്‍ ഒപ്പിടുന്നത് നീട്ടുന്നു. ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വകലാശാല ഭേദഗതി ബില്‍ എന്നിവയിലാണ് ഗവര്‍ണര്‍ തീരുമാനമെടുക്കാതിരിക്കുന്നത്. ഇവ നിയമസഭയ്ക്ക് തിരിച്ചയക്കുന്നതിനും ഗവര്‍ണര്‍ക്ക് താത്പര്യമില്ലെന്നാണ് സൂചന.

മന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതെ അസാധുവായ അസാധാരണ സാഹചര്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചിരുന്നു.2 ഓര്‍ഡിനന്‍സുകളില്‍ ഒന്ന് സെലക്ട് കമ്മിറ്റിക്ക് വിടുകയും ബാക്കി 11 ബില്ലുകള്‍ പാസ്സാക്കി നിയമമാക്കാന്‍ ഗവര്‍ണറുടെ അനുമതിക്ക് അയക്കുകയും ചെയ്തു. എന്നാല്‍ ബില്ലുകള്‍ അയച്ച് 38 ദിവസം കഴിഞ്ഞിട്ടും പ്രധാനപ്പെട്ട ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചിട്ടില്ല.

ഏഴ് ബില്ലുകള്‍ ഒപ്പിട്ട് നിയമമായി. എന്നാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണായകമായ ലോകായുക്ത നിയമഭേദഗതി ബില്‍,സര്‍വകലാശാല ഭേദഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുടര്‍ നടപടികളില്‍ സര്‍ക്കാരിനും അവ്യക്തതയുണ്ട്.

എന്നാല്‍ രണ്ട് ബില്ലുകളും പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്നാണ് ഗവര്‍ണര്‍ പറയുന്നത്.അതുകൊണ്ട് ഒപ്പ് വെക്കില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ് അദ്ദേഹം.