സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കും; കോടതികള്‍ വിമര്‍ശിക്കേണ്ടത് കേന്ദ്രത്തെയാണെന്ന് എ.ഐ.ടി.യു.സി

ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി രാജേന്ദ്രന്‍. കോടതികള്‍ വിമര്‍ശിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിനെ ആണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് കോടതി പറഞ്ഞതിനെ തുടര്‍ന്നാണ് രാജേന്ദ്രന്റെ പ്രതികരണം.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നാളെയും പണിമുടക്ക് തുടരും. ഹൈക്കോടതി ഉത്തരവിന് എതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ കൂട്ടായി ആലോചിച്ചതിന് ശേഷം തീരുമാനം എടുക്കുമെന്നും എ.ഐ.ടി.യു.സി അറിയിച്ചു.

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കി ഇന്നു തന്നെ ഇടക്കാല ഉത്തരവ് നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കില്‍ ഡയസ്നോന്‍ പ്രഖ്യാപിക്കാത്തതിനെതിരെ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് പരിഗണിച്ചാണ് കോടതി ഉത്തരവ് നല്‍കിയത്.