അന്വേഷണ ഏജൻസികൾക്ക് മേൽ രാഷ്ട്രീയ സമ്മർദ്ദം: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്; കൊടിക്കുന്നിൽ സുരേഷ് എം.പി

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കി കൊടിക്കുന്നിൽ സുരേഷ് എം പി. സർക്കാർ അന്വേഷണ ഏജൻസികൾക്ക് മേൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്നു എന്നും പറഞ്ഞ എം. പി, കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ ഈ വിഷയം പാർലമെ​ന്റിൽ ഉന്നയിക്കുമെന്നും വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ അന്വേഷണ ഏജൻസികൾ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് എംപിയുടെ പ്രതികരണം.
തേഞ്ഞ് മാഞ്ഞ് പോകുമായിരുന്ന ഈ കേസ് ‘പി ടി തോമസ് എം എൽ എ ആണ് പൊതുസമൂഹത്തിന് മുന്നിൽ കൊണ്ട് വന്നത്.

പി ടി തോമസ് ഇരക്ക് വേണ്ടി സംസാരിച്ചു. കോൺഗ്രസ് പാർട്ടിയും തൃക്കാക്കര എം എൽ എ ആയിരുന്ന പി ടി തോമസും തുടക്കം മുതൽ ഇരക്കൊപ്പമാണ്.

എന്നാൽ തുടക്കം മുതൽ പിണറായി സർക്കാർ കേസ് ആട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ അന്വേഷണ ഏജൻസികൾക്ക് മേൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്നു. സംഭവം നടന്ന് ഇത്രയും നാളായിട്ടും അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അന്വേഷണം ഇപ്പോഴും നടക്കുന്നതേ ഉള്ളു.

അന്വേഷണത്തിൽ വെള്ളം ചേർക്കുകയാണ്.’ പൊലീസിനെ അതിനു ഉപയോഗിക്കുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. കേസ് അട്ടിമറിക്കുകയും ഇരക്ക് നീതി കിട്ടാതിരിക്കുകയും ചെയ്‌താൽ വിഷയം പാർലിമെന്റിൽ ഉന്നയിക്കും.

ലോ ആൻഡ് ഓർഡർ സംസ്ഥാനത്തിന് കീഴിലായത് കൊണ്ടാണ് ഇത്രയും നാള് ഇത് പാർലിമെന്റിൽ ഉന്നയിക്കാത്തിരുന്നത്. ഇനിയും കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ ഉറപ്പായുംഈ കാര്യം യുഡിഫ് എംപിമാർ ആലോചിക്കുമെന്നും എം പി കൂട്ടിച്ചേർത്തു.