സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളി ഹൈക്കോടതി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ഹര്‍ജിക്കാരന് കേസുമായി യാതൊരു ബന്ധമില്ലെന്നും കോടതി പറഞ്ഞു.

ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. കോടതിയുടെ നീരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യമില്ല. സ്വര്‍ണം , ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസിന്റെയും ഇഡിയുടെയും അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി പറഞ്ഞു.

സമാനമായ ഹര്‍ജികളില്‍ ഡിവിഷന്‍ ബെഞ്ച് തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ടെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. പൊതുതാത്പര്യമുള്ള വിഷയമല്ല ഹര്‍ജിക്കാരന്‍ ഉന്നയിച്ചതെന്ന് കോടതിക്ക് അഭിപ്രായമില്ല. എന്നാല്‍ നേരത്തെ കോടതി തീര്‍പ്പ് പറഞ്ഞ വിഷയത്തില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ വിധം പുതിയ തെളിവുകള്‍ ഹര്‍ജിക്കാരന്‍ ഹാജരാക്കിയിട്ടില്ല.

ഏജന്‍സികളുടെ അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ തൃപ്തി രേഖപ്പെടുത്തി കോടതി, അന്വേഷണ സമയത്തു ഉന്നതര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ അന്വേഷണം നടക്കില്ലെന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്നും പറഞ്ഞു. നിങ്ങള്‍ എത്ര ഉന്നതന്‍ ആയാലും നിയമം അതിനും മുകളിലാണെന്നും കോടതി ഹര്‍ജിക്കാരനെ ഓര്‍മ്മിപ്പിച്ചു.