കര്‍ഷകരുടെ മക്കളെ വിവാഹം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കും; തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി ജെ.ഡി.എസ്

കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലാണ്. ജനങ്ങള്‍ക്ക് വാഗ്ദാനങ്ങളുമായി ഇരുമുന്നണികളും സജീവമായി രംഗത്തുണ്ട്. ഇപ്പോഴിതാ കര്‍ഷകരുടെ ആണ്‍മക്കളെ വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കുമെന്ന് വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ജെഡിഎസ്. കോലാറിലെ പഞ്ചരത്ന റാലി റാലിയില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയാണ് പ്രഖ്യാപനം നടത്തിയത്.

കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം അനുവദിക്കുന്ന പദ്ധതി തന്റെ പാര്‍ട്ടി ആരംഭിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു.കര്‍ഷകരുടെ മക്കള്‍ക്ക് പെണ്‍കുട്ടികളെ കിട്ടാന്‍ പ്രയാസമാണെന്നും ഈ പദ്ധതി അവരുടെ വിവാഹം സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

”കര്‍ഷകരുടെ ആണ്‍മക്കളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ലെന്ന തരത്തിലുള്ള ഒരു നിവേദനം എനിക്കു ലഭിച്ചിരുന്നു. കര്‍ഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നല്‍കണം.നമ്മുടെ ആണ്‍കുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനായി അവതരിപ്പിക്കുന്ന പദ്ധതികളില്‍ ഒന്നാണിത്” കുമാരസ്വാമി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ഷകരുടെ വോട്ട് ലക്ഷ്യമിട്ട് വനിതാ സ്വയം സഹായ സംഘങ്ങളുടെ വായ്പകളും പാവപ്പെട്ടവര്‍ക്കുള്ള ചികിത്സാ സഹായവും എഴുതിത്തള്ളുമെന്ന് ജെഡിഎസ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. അതിനിടെ ജെഡിഎസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ബെംഗളൂരു, സെന്‍ട്രല്‍, തീരദേശ, ഹൈദരാബാദ്-കര്‍ണാടക, മുംബൈ-കര്‍ണാടക, ദക്ഷിണ കര്‍ണാടക എന്നിങ്ങനെ 6 മേഖലകളിലായി 224 നിയമസഭാ മണ്ഡലങ്ങളാണ് കര്‍ണാടകയിലുള്ളത്.