സ്ഥിരം ശബരിമലയ്ക്ക് പോകുന്നു; കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എയ്ക്ക് എതിരെ വിമര്‍ശനം

സ്ഥിരം ശബരിമലയക്ക് പോകുന്നതില്‍ കെ യു ജനീഷ്‌കുമാര്‍ എം എല്‍ എക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. എംഎല്‍എ സ്ഥിരമായി ശബരിമലയില്‍ പോകുന്നത് തെറ്റായ സന്ദേശം നല്‍കുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദത്തില്‍ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ക്ക് വിപരീതമായാണ് എംഎല്‍എയുടെ പ്രവൃത്തിയെന്നുമാണ് വിമര്‍ശനം.

ഡിവൈഎഫ്‌ഐയുടെ കേന്ദ്ര കമ്മിറ്റി അംഗത്തില്‍ നിന്നുണ്ടാകേണ്ട സമീപനമല്ല ഇതെന്ന് കോഴിക്കോട് നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു. സന്നിധാനത്ത് പോയി കൈക്കൂപ്പി നില്‍ക്കുന്നതിലൂടെ എം എല്‍ എ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ ചോദിച്ചു.

അതേ സമയം മന്ത്രി മുഹമ്മദ് റിയാസിനെതിരെയും അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീമിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മുഹമ്മദ് റിയാസും, എഎ റഹീമും സംഘടനയില്‍ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാന്‍ ശ്രമം നടത്തുന്നുവെന്നാണ് ആക്ഷേപം. റിയാസും, റഹീമും, സംസ്ഥാന അധ്യക്ഷന്‍ എസ് സതീശനും അടങ്ങുന്ന കോക്കസ് ആണ് ഡിവൈഎഫ്ഐയെ നയിക്കുന്നതെന്ന് പ്രതിനിധികള്‍ ആരോപിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഘടനയുടെ പോരായ്മകളും വിമര്‍ശനങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. റിപ്പോര്‍ട്ട് അവതരിപ്പിച്ചതിന് ശേഷം നടത്തിയ പൊതു ചര്‍ച്ചയിലായിരുന്നു വിമര്‍ശനം. സംഘടനയെ മൂന്ന് നേതാക്കളും ചേര്‍ന്ന് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. സംഘടനടെ മറയാക്കി ലഹരിമാഫിയക്കാരും ഗുണ്ടാസംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രതിനിധികള്‍ ആരോപിച്ചു. സ്വന്തം ആവശ്യങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. സംഘടനയുടെ മറവിലാണ് ഇതെല്ലാം നടത്തുന്നതെന്ന് ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.