'9 മാസം ഗർഭിണിയാണ്, സൈബർ അധിക്ഷേപങ്ങൾ വിഷമിപ്പിച്ചു'; പരാതി നൽകി ജെയ്ക്കിന്റെ ഭാര്യ

സൈബർ അധിക്ഷേപങ്ങൾക്കെതിരെ പരാതി നൽകി പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസിന്റെ ഭാര്യ ഗീതു. കോട്ടയം എസ്.പി ഓഫിസിലെത്തിയാണു ഗീതു പരാതി നൽകിയത്. പരാതിയിൽ രാഷ്ട്രീയമില്ലെന്ന് ഗീതു മാധ്യമങ്ങളോട് പറഞ്ഞു.

‘ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്ന പ്രയോഗം ഒൻപതു മാസം ഗർഭിണിയായ ഒരു സ്ത്രീ എന്ന നിലയിൽ ഏറെ വേദനിപ്പിച്ചെന്നും അവർ പറഞ്ഞു. ഇത്തരം സൈബർ അധിക്ഷേപങ്ങൾ എല്ലാവരെയും വിഷമിപ്പിക്കുന്നതാണ്. സ്ത്രീകൾ ഉൾപ്പെടെ മോശം കമന്റുകൾ ഇടുന്നുണ്ട്. ഇതാദ്യമായല്ല  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്. കഴിഞ്ഞ വട്ടവും പ്രചാരണത്തിനു പോയിരുന്നു. ഇത്തവണ ഗർഭിണിയായതുകൊണ്ട് തൊട്ടടുത്തുള്ള വീടുകളിൽ മാത്രമാണു പോയത്.

ഇത്തരം സൈബർ അതിക്രമങ്ങൾ തുടർച്ചയായി നേരിടുകയാണ്. ജെയ്ക്കിനെ നാലാം തരക്കാരനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉൾപ്പെടെ പറഞ്ഞു. ജെയ്ക്കിന്‍റെ സ്വത്ത് പറഞ്ഞും പ്രചാരണമുണ്ടായി. ഇതിനുശേഷം ജെയ്ക്കിന്റെ മരിച്ചുപോയ അച്ഛനെതിരെ പോലും പ്രായമെല്ലാം പറഞ്ഞു വളരെ മോശമായ രീതിയില്‍ സൈബർ അധിക്ഷേപമുണ്ടായി. ഇത്തരം പ്രവൃത്തികൾ എല്ലാവരെയും മാനസികമായി വേദനിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

Read more

ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപ വോട്ട് നേടാന്‍ ശ്രമിക്കുന്നുവെന്ന തരത്തിലായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണമുണ്ടായത്. ഗീതു വോട്ട് അഭ്യര്‍ത്ഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം.