'മാര്‍ക്‌സിസ്റ്റുകാര്‍ മാത്രം വോട്ടുചെയ്താല്‍ ഇടതുമുന്നണി കണ്ണൂരില്‍ മാത്രം ജയിച്ചേക്കാം, മറ്റുള്ളവരെ അടിച്ചിട്ട് വിപ്ലവമാണെന്ന് പറയരുത് '; സിപിഎമ്മിന്റെ ഗുണ്ടാശൈലിയെ രൂക്ഷമായി വിമർശിച്ച് ജി സുധാകരൻ

സിപിഎമ്മിന്റെ ഗുണ്ടാശൈലിയെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. മറ്റുള്ളവരെ അടിച്ചിട്ട് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ല. പാര്‍ട്ടിയില്‍ തങ്ങള്‍ കുറച്ച് പേര്‍ മാത്രമെന്ന രീതിയും ശരിയായതല്ല. പാര്‍ട്ടിയ്ക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യന്‍ ആകണമെന്നും സുധാകരൻ ഓർമ്മിപ്പിച്ചു.

മാര്‍ക്‌സിസ്റ്റുകാര്‍ മാത്രം വോട്ടുചെയ്താല്‍ ചിലപ്പോള്‍ ഇടതുമുന്നണി കണ്ണൂരില്‍ മാത്രം ജയിച്ചേക്കാമെങ്കിലും ആലപ്പുഴയിലൊന്നും അത് നടക്കില്ലെന്നാണ് ജി സുധാകരന്‍ ചൂണ്ടിക്കാട്ടുന്നത്. അഞ്ചാറുപേര്‍ കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ എന്നും ജി സുധാകരന്‍ ചോദിച്ചു. അങ്ങനെയൊക്കെയാണ് കരുതിയിരിക്കുന്നതെങ്കില്‍ ആ ധാരണകള്‍ തെറ്റാണെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി ഭാരവാഹികള്‍, പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ളവര്‍ എന്നിവര്‍ക്ക് മാത്രം സര്‍ക്കാര്‍ സ്വീകാര്യരായാല്‍ പോരെന്നാണ് ജി സുധാകരന്‍ ചൂണ്ടിക്കാട്ടി. നവകേരള സദസിനെതിരെ നടന്ന പ്രതിഷേധങ്ങളെ സര്‍ക്കാരും പൊലീസും അടിച്ചമര്‍ത്തുന്ന രീതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് ജി സുധാകരൻ പാർട്ടിക്കെതിരെ ശബ്ദമുർത്തിയിരിക്കുന്നത്. ആലപ്പുഴയിലെ പുസ്തകപ്രകാശന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.