നാലില്‍ നിന്ന് പത്തിലേക്ക്; തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ തിളങ്ങി എല്‍ഡിഎഫ്; യുഡിഎഫിന് തകര്‍ച്ച

സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്. പത്ത് സീറ്റുകളില്‍ വിജയം നേടി യുഡിഎഫ് മുന്നിലെത്തിയപ്പോള്‍ ആറ് സീറ്റുകള്‍ അധികം നേടി ആകെ പത്ത് സീറ്റുകളുമായി അട്ടിമറി വിജയം നേടി എല്‍ഡിഎഫ്. എന്‍ഡിഎ മൂന്ന് സീറ്റുകളില്‍ വിജയിച്ചു.

നാല് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന എല്‍ഡിഎഫ് ആറ് സീറ്റുകള്‍ അധികം നേടിയാണ് അട്ടിമറി വിജയം നേടിയത്. അതേസമയം 14 സീറ്റുണ്ടായിരുന്ന യുഡിഎഫ് പത്ത് സീറ്റുകളിലേക്ക് ഒതുങ്ങി. നാല് സീറ്റുകളുണ്ടായിരുന്ന ബിജെപിയ്ക്ക് ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്തേ വിജയം കണ്ടെത്താനായുള്ളൂ. തിരുവനന്തപുരം ജില്ലയിലെ നാല് തദ്ദേശ വാര്‍ഡുകൡ മൂന്നിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു.

രണ്ടിടത്ത് എല്‍ഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു. ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, നാല് മുന്‍സിപ്പാലിറ്റി വാര്‍ഡ്, 18 ഗ്രാമ പഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. യുഡിഎഫില്‍ നിന്ന് നാല് സീറ്റുകളാണ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത്. ബിജെപിയില്‍ നിന്ന് മൂന്ന് സീറ്റുകളും നേടി.

തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍ വാര്‍ഡ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തത് എല്‍ഡിഎഫിന് നേട്ടമായി. നെടുമ്പാശ്ശേരി പഞ്ചായത്തും ഉപതിരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അര്‍ച്ചന വിജയിച്ചതോടെയാണ് ഭരണമാറ്റം ഉണ്ടായത്. അതേസമയം രണ്ട് സിറ്റിംഗ് സീറ്റുകളില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടു.