ബിറ്റ്‌കോയിന്‍ മുതല്‍ കൃഷിഭൂമി വരെ; നിക്ഷേപങ്ങളിലും വ്യത്യസ്തനായി ശശി തരൂര്‍

തിരുവനന്തപുരത്ത് നിന്ന് നാലാം തവണ ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് 55 കോടിയുടെ ആസ്തി. കഴിഞ്ഞ ദിവസം
തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തരൂരിന്റെ സ്വത്ത് വിവരങ്ങളുള്ളത്. 2022-23 വര്‍ഷത്തില്‍ മാത്രം 4.32 കോടി രൂപയാണ് ശശി തരൂരിന്റെ വരുമാനം.

2014ല്‍ 23 കോടിയായിരുന്നു തരൂരിന്റെ ആസ്തി. 2019ല്‍ അത് 35 കോടിയായി ഉയര്‍ന്നു. 19 ബാങ്കുകളിലായുള്ള നിക്ഷേപങ്ങള്‍ക്ക് പുറമേ ബോണ്ടുകള്‍, മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എന്നിവയും സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. ഇത് കൂടാതെ ബിറ്റ് കോയിനിലും വിശ്വപൗരന് നിക്ഷേപമുണ്ട്. നിലവില്‍ 5,11,314 രൂപയാണ് തരൂരിന്റെ ബിറ്റ്‌കോയിന്‍ നിക്ഷേപം.

49 കോടിയാണ് തരൂരിന്റെ സ്ഥാവര ആസ്തി. 32 ലക്ഷം രൂപ വിലമതിപ്പുള്ള 534 ഗ്രാം സ്വര്‍ണം. കൈയിലുള്ള 36,000രൂപ എന്നിങ്ങനെയാണ് ജംഗമസ്വത്ത്. പാരമ്പര്യ സ്വത്തിന്റെ മൂല്യം 1.56 ലക്ഷമാണ്. പാലക്കാട് 2.51 ഏക്കര്‍ കൃഷിഭൂമിയുണ്ട്. തിരുവനന്തപുരത്ത് 6.2 കോടി വിലവരുന്ന 10.47 ഏക്കര്‍ ഭൂമിയും കൂടാതെ 52 ലക്ഷത്തിന്റെ വീടും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാരുതി സിയാസ്, എക്‌സ് എല്‍ സിക്‌സ് എന്നീ വാഹനങ്ങളും തരൂരിന്റെ സ്വത്ത് വിവരങ്ങളുടെ പട്ടികയിലുണ്ട്.