'ഇപ്പോള്‍ നടക്കുന്ന ദുഷ്പ്രചാരണം എനിക്കും കുടുംബാംഗങ്ങള്‍ക്കും വലിയ മാനസിക പ്രയാസം സൃഷ്ടിക്കുന്നു'; ചികിത്സാനിഷേധ വാര്‍ത്തകള്‍ തള്ളി ഉമ്മന്‍ ചാണ്ടി

തനിക്ക് ശരിയായ ആരോഗ്യപരിപാലനം ലഭിക്കുന്നില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും, പാര്‍ട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നതെന്നും ഇപ്പോള്‍ നടക്കുന്ന ദുഷ്പ്രചരണം തനിക്കും കുടുംബാംഗങ്ങള്‍ക്കും വലിയ മാനസിക പ്രയാസം സൃഷ്ടിക്കുന്നെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കുറിപ്പ് ഇങ്ങനെ..

എന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളില്‍ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഏറെ ഖേദം ഉണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും, പാര്‍ട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്.

അതുകൊണ്ട്, ഒരാള്‍ക്കെതിരെയും നടത്താന്‍ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍ നടക്കുന്ന ദുഷ്പ്രചരണം എനിക്കും കുടുംബാംഗങ്ങള്‍ക്കും വലിയ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഞാനിപ്പോഴും കര്‍മ്മമണ്ഡലത്തില്‍ തന്നെ സജീവമായി ഉണ്ട്.മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണം എന്റെ ശരീരത്തെ അലട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.

ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് എന്റെ ചികിത്സ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിന് പിന്നില്‍ അറിഞ്ഞോ, അറിയാതെയോ ഇടപെട്ടിട്ടുള്ളവര്‍ ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങളില്‍ നിന്നും പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.