പാമ്പുപിടിത്തം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസ്സപ്പെടുത്തുന്നു: വാവ സുരേഷ്

പാമ്പുപിടിത്തം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തുന്നെന്ന് വാവ സുരേഷ്. പാമ്പു കടിയേറ്റതിനേക്കാള്‍ കടുത്ത മാനസികാവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ചില ഉദ്യോഗസ്ഥരാണ് തനിക്കെതിരായി നീക്കത്തിനു പിന്നില്‍. വിഷയം മന്ത്രി വി എന്‍ വാസവനെ അറിയിച്ചിട്ടുണ്ടെന്നും വാവ സുരേഷ് പറഞ്ഞു.

ആശുപത്രി വാസത്തിന് ശേഷം വീണ്ടും പാമ്പിനെ പിടിക്കുന്നതില്‍ സജീവമായി വരികയാണ് വാവ സുരേഷ്. പത്തനംതിട്ടയിലെ തണ്ണിത്തോട് സെന്‍ട്രല്‍ ജംഗ്ഷനിലെ പെട്രോള്‍ പമ്പിന് സമീപത്തെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം രാജവെമ്പാലയെ സുരേഷ് പിടികൂടി.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വാവ സുരേഷ് സ്ഥലത്തെത്തുന്നത്. തുടര്‍ന്ന് പാമ്പിനെ പിടികൂടി കക്കി വനത്തില്‍ തുറന്നുവിടുകയായിരുന്നു. വനംവകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനും സ്ഥലത്തുണ്ടായിരുന്നു.

മൂന്നാഴ്ച കാലയളവില്‍ പ്രദേശത്ത് നിന്ന് മൂന്ന് രാജവെമ്പാലയെയാണ് ഇതിനകം പിടികൂടിയത്. സെന്‍ട്രല്‍ ജംക്ഷനില്‍ വീടിന്റെ സംരക്ഷണ ഭിത്തിയില്‍ ഒളിച്ച രാജവെമ്പാലയെ കഴിഞ്ഞ ദിവസം വാവ സുരേഷ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം മേക്കണ്ണത്തില്‍ വീടിന് സമീപത്തെ തോട്ടില്‍ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു.