വന്യജീവി ആക്രമണം തടയല്‍, 605 കോടിയുടെ സമഗ്രപദ്ധതിയുമായി വനം വകുപ്പ്

സംസ്ഥാനത്ത് വന്യജീവി ആക്രമണം തടയാന്‍ 605 കോടിയുടെ സമഗ്ര പദ്ധതി ആവിഷ്‌കരിച്ച് വനം വകുപ്പ്. ആക്രമണത്തില്‍ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പടെ ഉറപ്പാക്കുകയാണ് ലക്ഷ്യം. മൂന്ന് വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതി കേന്ദ്ര അംഗീകാരം ലഭിക്കാനായി സമര്‍പ്പിച്ചിരിക്കുകയാണ്.

വന്യജീവി ആക്രമണം മൂലം നിരവധി പേര്‍ മരിക്കുകയും, വ്യാപക കൃഷി നാശം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വനം വകുപ്പ് പുതിയ പദ്ധതി തയ്യാറാക്കിയത്.

വനാതിര്‍ത്തികളില്‍ എത്ര കിടങ്ങുകള്‍ സ്ഥാപിക്കണം, എത്ര സൗരോര്‍ജ വേലികള്‍ സ്ഥാപിക്കണം, കൃഷി നാശത്തിനും ജീവഹാനിക്കും എത്ര തുക നഷ്ടപരിഹാരമായി നല്‍കണം എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ വന്യജീവി ആക്രമണ സാധ്യത എത്രമാത്രമാണെന്നും വ്യക്തമാക്കുന്നു. പദ്ധതിയ്ക്ക് കേന്ദ്ര അനുമതി ലഭിക്കുന്നതോടെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ.

അതേസമയം വന്യജീവി ആക്രമണം തടയാന്‍ സംസ്ഥാന സര്‍ക്കാറിനോടും പത്ത് കോടി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കോടി കഴിഞ്ഞ ദിവസം അനുവദിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വന്യജീവി ആക്രമണത്തില്‍ എഴുപതോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കാട്ടാനയുടെ ആക്രമണത്തിലാണ് 25 പേരുടെ ജീവനും പൊലിഞ്ഞത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ 1,320 പേര്‍ മരിച്ചു. കണക്കുകള്‍ പ്രകാരം 4,400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.