അതിരപ്പിള്ളിയില്‍  അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു, പ്രതിഷേധം ശക്തം

തൃശൂര്‍ അതിരപ്പള്ളിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് അഞ്ച് വയസുകാരി മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തം. കാട്ടാന ആക്രമണത്തിനെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്നാണ് ആരോപണം. അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ഇന്ന് രാവിലെ 8 മണി മുതല്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കും. ഇന്നലെ രാത്രി കൊന്നക്കുഴി ഫോറസ്‌ററ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ പ്രതിഷേധങ്ങള്‍ തുടരാനാണ് നാട്ടുകാരുടെ തീരുമാനം.

ഇന്നലെ വൈകിട്ടാണ് കണ്ണന്‍കുഴിയില്‍ വച്ച് അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നത്. മാള പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്‌നിമിയ ആണ് കൊല്ലപ്പെട്ടത്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി എത്തിയതായിരുന്നു ഇവര്‍. നിഖിലും ഭാര്യാ പിതാവ് ജയനും ആഗ്‌നിമിയ ബൈക്കില്‍ വരുമ്പോഴായിരുന്നു ആക്രമണം. കണ്ണംകുഴി പാലത്തിന് സമീപത്ത് വച്ച് പ്ലാന്റേഷന്‍ തോട്ടത്തില്‍ നിന്ന് ആന റോഡില്‍ ഇറങ്ങി. ആനയെ കണ്ടതോടെ ഇവര്‍ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ ചിതറി ഓടാന്‍ ശ്രമിക്കുന്നതിനി
ടെ കുട്ടിയെ ആക്രമിക്കുകയായിരുന്നു.

തുമ്പിക്കൈ കൊണ്ട് അടിയേറ്റ ആഗ്‌നിമിയ റോഡിലേക്ക് തെറിച്ചുവീണു. . കുട്ടിയുടെ തലയ്ക്കാണ് ചവിട്ടേറ്റത്. കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിഖിലിനും, ജയനും പരിക്കേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് മൂന്ന് പേരെയും ഉടന്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. പരിക്കേറ്റവര്‍ അപകട നില തരണം ചെയ്തു.

Read more

കാട്ടാനകളെ നിയന്ത്രിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. പ്രദേശവാസികളുടെ കൃഷിയും മറ്റും നശിപ്പിക്കുന്നതായും പരാതിയുണ്ട്.