വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല എന്ന പരാതിയുമായി കന്നിവോട്ടര്‍. ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി കന്നി വോട്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ ഉദ്യോഗസ്ഥരോട് യുവാവ് ഹല്‍വ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹല്‍വ ഇല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ വോട്ടർക്ക് നല്‍കിയത്. ഹല്‍വ കിട്ടാത്ത നിരാശയിലായ യുവാവ് വെബ്‌സൈറ്റില്‍ കയറി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസ് നമ്പരില്‍ വിളിച്ച് പരാതി പറയുകയായിരുന്നു. തെരഞ്ഞെടുത്ത ബൂത്തുകളില്‍ മാത്രമാണ് മധുരം നല്‍കുന്നതെന്ന് അധികൃതര്‍ മറുപടി നല്‍കി.
കളക്ടറുടെ പേജില്‍ ഹല്‍വ നല്‍കുന്ന റീല്‍സ് ഉള്ളതിനാല്‍ കളക്ടറേറ്റിലും കന്നിവോട്ടർ വിളിച്ച് പരാതി അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യാം എന്ന മറുപടിയാണ് രണ്ടിടത്തു നിന്നും യുവാവിന് ലഭിച്ചത്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്ന കന്നി വോട്ടര്‍മാര്‍ക്ക് മധുരം പകരാനായി ഹല്‍വ നല്‍കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.







