സ്വത്തിന് വേണ്ടി മക്കള്‍ വൃദ്ധമാതാവിനെ മര്‍ദ്ദിച്ച സംഭവം, ഒന്നാംപ്രതി പിടിയില്‍

കണ്ണൂര്‍ മാതമംഗലത്ത് സ്വത്തിന് വേണ്ടി വൃദ്ധമാതാവിനെ മക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഒന്നാംപ്രതി പിടിയില്‍. തൊണ്ണൂറ്റിമൂന്നുകാരിയായ മീനാക്ഷിയമ്മയുടെ മകന്‍ രവീന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള മൂന്ന് മക്കള്‍ ഒളിവിലാണ്. വധശ്രമം, കൈയേറ്റ ശ്രമം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ പതിനഞ്ചാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ഇവരുടെ നേരത്തെ മരിച്ച മകള്‍ ഓമനയുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു 4 മക്കള്‍ ചേര്‍ന്ന് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. മീനാക്ഷിയമ്മയുടെ നാല് മക്കള്‍ ചേര്‍ന്ന് അമ്മയുടെ കൈ പിടിച്ച് തിരിക്കുകയും കാലില്‍ ചവിട്ടുകയും ചെയ്തു. ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റി. എന്നിട്ടും ഒപ്പിടാതെ ഇരുന്നതിനെ തുടര്‍ന്ന് അമ്മയെ ബലമായി കൈ പിടിച്ച് ഒപ്പ് ഇടിക്കുകയായിരുന്നു.

സംഭവത്തില്‍ മീനാക്ഷിയമ്മയുടെ കൈയ്ക്കും കാലിനും നെഞ്ചിനും പരിക്കേറ്റിരുന്നു. ബലപ്രയോഗത്തിലൂടെ അമ്മയില്‍ നിന്നും സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്ന സംഭവത്തിന്റെ സംഭാഷണം വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികള്‍ റെക്കോഡ് ചെയ്തു. സംഭവത്തില്‍ മക്കളായ രവീന്ദ്രന്‍, അമ്മിണി, സൗദാമിനി, പത്മിനി എന്നിവര്‍ക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കള്‍ നേരത്തെ മരിച്ചതാണ്.

വിവരം പുറത്ത് വന്നതിന് പിന്നാലെ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു ഇന്നലെ റിപ്പോര്‍ട്ട് തേടിയിരുന്നു. അടിയന്തര നടപടി കൈക്കൊള്ളാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.