മലയാളത്തിന്റെ സമര നായകന് വിട; സ്മരണകളിരമ്പുന്ന വലിയ ചുടുകാടില്‍ അന്ത്യവിശ്രമം

മലയാളത്തിന്റെ സമര നായകന് ആലപ്പുഴ വലിയ ചുടുകാടില്‍ അന്ത്യവിശ്രമം. ഔദ്യോഗിക ബഹുമതികളോടെയാണ് വിപ്ലവ സൂര്യന് ജന്മനാട് വിട നല്‍കിയത്. റീക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം വലിയ ചുടുകാടിലെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി. വികാര നിര്‍ഭരമായ കാഴ്ചകള്‍ക്കാണ് വലിയ ചുടുകാട് സാക്ഷ്യം വഹിച്ചത്.

ആലപ്പുഴയിലെ കനത്ത മഴയിലും ചേതനയറ്റ പ്രിയപ്പെട്ട സഖാവിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എത്തിയിരുന്നു. കോരിച്ചൊരിയുന്ന മഴയത്തും വിഎസ് എന്ന രണ്ടക്ഷരത്തോടുള്ള സ്‌നേഹവും ബഹുമാനവും കലര്‍ന്ന മുദ്രാവാക്യങ്ങള്‍ ആലപ്പുഴയുടെ സമര ഭൂമികയില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.

വൈകിട്ട് അഞ്ചിന് വലിയ ചുടുകാടില്‍ സംസ്‌കാരം നടത്തുമെന്നായിരുന്നു തീരുമാനം. എന്നാല്‍ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയ ജനപ്രവാഹം കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു. വേലിക്കകത്ത് വീട്ടിലും റീക്രിയേഷന്‍ ഗ്രൗണ്ടിലും നടന്ന പൊതുദര്‍ശനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരങ്ങള്‍ പങ്കെടുത്തു.

മണിക്കൂറുകള്‍ കാത്തുനിന്നും മഴ നനഞ്ഞും ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് കാത്തുനിന്ന പ്രിയപ്പെട്ടവര്‍ക്ക് അരികിലൂടെ വിഎസ് കടന്നുപോയി. സാമൂഹിക-സാംസ്‌കാരിക രംഗത്ത് നിന്ന് നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. ധീര സഖാക്കള്‍ക്കൊപ്പം പാര്‍ട്ടി പതാക അണിഞ്ഞ് പ്രിയ സഖാവിന്റെ അന്ത്യവിശ്രമം.

Read more

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറെടുത്താണ് ആലപ്പുഴയിലെത്തിയത്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും സിപിഎം പ്രവര്‍ത്തകരും വലിയ ചുടുകാടില്‍ വിഎസിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.