അജ്മി ഫുഡ്‌സിന് എതിരെ വ്യാജപ്രചാരണം. പരാതി നല്‍കി

‘അജ്മി ഫുഡ് പ്രൊഡക്ട്‌സ്’  ജോസഫ് മാഷ്‌ കൈവെട്ടുകേസിലെ പ്രതിയുടേതാണെന്ന വ്യാജ പ്രചരണത്തിനെതിരെ കമ്പനിയുടമ പരാതി നല്‍കി.

കേരളത്തില്‍ ‘നാര്‍കോട്ടിക് ജിഹാദ് ‘ ഉണ്ടെന്ന പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് പാലായില്‍ ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ സംഭവത്തെ ഉപയോഗിച്ചുകൊണ്ടാണ് അജ്മി ഫുഡ്‌സിനെതിരെ സംഘപരിവാര്‍ കെട്ടിച്ചമച്ച കഥ ഏറ്റെടുത്ത്‌ തീവ്രസ്വഭാവമുള്ള ചിലയാളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നത്. മുസ്ലീം സംഘടനകളുടെ പ്രകടനത്തിന് അജ്മി അടക്കമുള്ള ചില സ്ഥാപനങ്ങളാണ് ആളുകളെ എത്തിച്ചത് എന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്.

ഈരാറ്റുപേട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അജ്മിക്കു പുറമെ ഐഡി ഫ്രഷ്, കെ.കെ. ഫുഡ്‌സ് ഉത്പന്നങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ നടക്കുകയാണ്.

മുഖ്യമന്ത്രി, ഡിജിപി, എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്കും സൈബര്‍സെല്ലിനും പരാതി നല്‍കി. കൂടാതെ ഓണ്‍ലൈന്‍ മീഡിയക്കെതിരായും നടപടി സ്വീകരിക്കും.