ഗവേഷണ മേഖലയിലെ ചെലവിനെ സര്‍ക്കാര്‍ നിക്ഷേപമായി കാണുന്നു; ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി

ഗവേഷണ മേഖലയിലെ ചെലവിനെ നിക്ഷേപമായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്നും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭട്നഗര്‍ അവാര്‍ഡ് ജേതാക്കളായ കേരളീയരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഗവേഷകരുടെ ഗവേഷണ ഫലങ്ങളും നാടിന്റെ ബൗദ്ധിക സ്വത്തിന് മുതല്‍കൂട്ടാകണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. നോബേല്‍ ജേതാക്കളുടെയടക്കമുള്ള ഗവേഷക ടീമുകളില്‍ മലയാളികള്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നത് അഭിമാനകരമാണ്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് നിരവധി സ്‌കോളര്‍ഷിപ്പുകള്‍ സര്‍ക്കാര്‍ നല്‍കുന്നു.

പ്രതിമാസം 50,000 രൂപ മുതല്‍ ഒരു ലക്ഷം വരെ നല്‍കുന്ന നവകേരള ഫെലോഷിപ്പ് നവകേരള നിര്‍മാണത്തിന് ആവശ്യമായ പുതിയ അറിവുകളും ശേഷിയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഇതിനോടകം 176 ഗവേഷകര്‍ക്ക് ഫെലോഷിപ്പുകള്‍ നല്‍കിക്കഴിഞ്ഞു. കേരളത്തിലെ ഗവേഷണ പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തൊട്ടാകെ 50 മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിച്ചു.

ഗവേഷക അറിവിനെ ഉല്‍പ്പന്നങ്ങളായും സേവനങ്ങളായും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയണം. ഇത്തരമൊരു ലക്ഷ്യത്തോടെയാണ് ട്രാന്‍സ്ലേഷന്‍ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 20 കോടി രൂപ വീതം അനുവദിച്ചത്. സി എസ് ഐ ആര്‍ സ്ഥാപക ഡയറക്ടറും ശാസ്ത്ര അധ്യാപകനും ഗവേഷകനുമായ ശാന്തി സ്വരൂപ് ഭട്നഗറിന്റെ പേരിലുള്ള അവാര്‍ഡ് നേടിയ പ്രതിഭകളെ ഒന്നിച്ച് ആദരിക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പുരസ്‌കാരം ആദ്യമായി നേടിയ മലയാളി എം ജി കെ മേനോനെ മുഖ്യമന്തി അനുസ്മരിച്ചു. അവാര്‍ഡ് ജേതാക്കള്‍ക്ക് മുഖ്യമന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു.