മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ച സംഭവം; മുഖ്യപ്രതി യഹിയ പിടിയിൽ

പെരിന്തല്‍മണ്ണയില്‍ മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ച സംഭവത്തില്‍ മുഖ്യപ്രതി യഹിയ പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്. യഹിയയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസില്‍ എല്ലാ പ്രതികളും പിടിയിലായി. യഹിയയെ സഹായിച്ചവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജലീലിന്റെ കൊലപാതകത്തില്‍ എത്തിയതെന്ന് നേരത്തെ പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ യഹിയ ഇതിനു മുമ്പ്് സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതിയായിട്ടില്ല. ഇയാള്‍ നേരത്തെ സ്വര്‍ണക്കടത്ത് സംഘത്തിലുണ്ടായിരുന്നോ, അബ്ദുല്‍ ജലീല്‍ സ്വര്‍ണം കടത്തിയോ എന്നീ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.

മെയ് 19നാണ് യഹിയ അബ്ദുള്‍ ജലീലിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശേഷം ഒളിവില്‍ പോകുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് മടങ്ങും വഴി ഒരു സംഘം അബ്ദുള്‍ ജലീലിനെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയായിരുന്നു. അബ്ദുള്‍ ജലീലിന്റെ ഭാര്യയെ വിളിച്ച് വിവരമറിയിച്ച ശേഷമാണ് യഹിയ ആശുപത്രിയില്‍ നിന്ന് പോയത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. മാരകമായി പരുക്കേറ്റ അബ്ദുള്‍ ജലീല്‍ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് യഹിയയെ തിരിച്ചറിഞ്ഞത്.

മൃതദേഹത്തില്‍ കത്തി കൊണ്ട് വരഞ്ഞ പാടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലായിരുന്നു. കഴിഞ്ഞ 15ാം തിയതി ജിദ്ദയില്‍ നിന്ന് എത്തുമെന്നാണ് അബ്ദുള്‍ ജലീല്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. സ്വീകരിക്കാന്‍ വീട്ടുകാര്‍ നെടുമ്പാശേരിയിലേക്ക് പോവാനിരുന്നപ്പോള്‍ സുഹൃത്തുക്കള്‍ ഒപ്പമുണ്ട് എയര്‍പോര്‍ട്ടില്‍ വരണ്ട, പെരിന്തല്‍മണ്ണയിലേക്ക് വന്നാല്‍ മതിയെന്ന് ആദ്യം പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം നിങ്ങള്‍ തിരിച്ചു പൊയ്‌ക്കോ വരാന്‍ കുറച്ചു വൈകും എന്ന് പറഞ്ഞ് വീട്ടുകാരെ നിര്‍ബന്ധപൂര്‍വം പറഞ്ഞയക്കുകയാണുണ്ടായത്.