മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനെ ഭയന്നാണ് സര്‍ക്കാരിന്റെ എല്ലാ തീരുമാനവും: കെ.സുരേന്ദ്രന്‍

സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ കോഴിക്കോട് മേയര്‍ക്കെതിരെ സിപിഎം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍. മുസ്ലീം സംഘടനകളുടെ എതിര്‍പ്പിനെ ഭയന്നാണ് സര്‍ക്കാരിന്റെ എല്ലാ തീരുമാനമെന്നും സിപിഎമ്മിന് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രധാനമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച പരിപാടിയില്‍ മേയര്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റ്.സിപിഎമ്മിന്റെ ഇരട്ട നീതിയുടെ ഉദാഹരണമാണിത്. മുസ്ലീം സംഘടനകളുടെ എതിര്‍പ്പിനെ ഭയന്നാണ് സര്‍ക്കാരിന്റെ എല്ലാ തീരുമാനവും.

നടപടിയെടുത്ത് മേയറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാനാണ് ശ്രമമെന്നാണ് പറയുന്നത്. മുസ്ലീം സംഘടനകളുടെ എതിര്‍പ്പ് ഉയര്‍ന്നപ്പോഴാണ് ശ്രീറാമിനെ മാറ്റിയത്. സിപിഎമ്മിന് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രധാനം. ന്യൂനപക്ഷ വര്‍ഗീയതയെ സിപിഎം താലോലിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം രംഗത്ത് വന്നിരുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച മേയറുടെ നിലപാട് ശരിയായില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.