മൂല്യനിര്‍ണയ ബഹിഷ്‌കരണം മുന്നറിയിപ്പില്ലാതെ; അന്വേഷണം നടത്തുമെന്ന് വി. ശിവന്‍കുട്ടി

പ്ലസ്ടു അധ്യാപകരുടെ മൂല്യനിര്‍ണയ ബഹിഷ്‌കരണം മുന്നറിയിപ്പില്ലാതെയായിരുന്നെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ ദുരൂഹതയുണ്ട്. ഹൈക്കോടതി ഉത്തരവിനെതിരാണ് നടപടിയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. പ്ലസ്ടു കെമിസ്ട്രി മൂല്യനിര്‍ണയത്തിന്റെ ഉത്തര സൂചിക പുതുക്കി. പുതിയ ഉത്തര സൂചികയില്‍ അപാകതകളില്ലെന്നും അദ്ദേഹം പറഞ്ഞു. വാരിക്കോരി മാര്‍ക്ക് നല്‍കുന്നത് സര്‍ക്കാരിന്റെ നയമല്ല. ശരിയുത്തരമെഴുതയ എല്ലാവര്‍ക്കും മാര്‍ക്ക് ഉറപ്പാക്കും. നൂറ് ശതമാനം വിജയത്തിന് വേണ്ടി പരീക്ഷാ സംവിധാനത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം പുതിയ ഉത്തര സൂചിക പ്രകാരം മൂല്യനിര്‍ണയം ആരംഭിച്ചു. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെട്ട വിദഗ്ദ സമിതിയാണ് ഉത്തര സൂചിക തയ്യാറാക്കിയത്. 28, 000 പേപ്പറുകള്‍ നേരത്തെ മൂല്യനിര്‍ണയം നടത്തിയിരുന്നു. ഇവ വീണ്ടും പുതിയ സൂചിക പ്രകാരം മൂല്യനിര്‍ണയത്തിന് വിധേയമാക്കും.

അധ്യാപകരുടെ ബഹിഷ്‌കരണത്തെ തുടര്‍ന്ന് മൂന്ന് ദിവസമാണ് മൂല്യനിര്‍ണയം തടസ്സപ്പെട്ടത്. തുടര്‍ന്ന് ഉത്തരസൂചിക പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.