ടിക്കറ്റ് ഉണ്ടായിട്ടും ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാതെ ഇ.പി ജയരാജന്‍; ട്രെയിനില്‍ കണ്ണൂരിലേക്ക്

ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്രചെയ്യില്ലെന്ന പ്രഖ്യാപനം ആദ്യ ദിനം തന്നെ നടപ്പാക്കി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് കൈയിലുണ്ടായിട്ടും കണ്ണീരിലേക്ക് ജയരാജന്‍ ട്രെയിനിലാണ് യാത്ര ചെയ്തത്.

ഇന്ന് രാവിലെയാണ് ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂരിലേക്ക് പോകാന്‍ ഇ.പി ടിക്കറ്റ് എടുത്തത്. ഇതിനു പിന്നാലെയാണ് ഇ.പിയ്ക്ക് വിലക്ക് വന്നതും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചതും.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ പിടിച്ചു തള്ളിയതിന് ഇ.പി ക്ക് മൂന്നാഴ്ചത്തെ യാത്രാവിലക്കാണ് ഇന്‍ഡിഗോ കമ്പനി ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ യാത്രചെയ്യില്ലെന്ന് ജയരാജന്‍ പ്രഖ്യാപിക്കുകയായിരുന്നു.

വ്യോമയാന ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണ് വിമാനക്കമ്പനിയുടേതെന്നും ക്രിമിനലുകളെ തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇ.പി ജയരാജന്‍ പ്രതികരിച്ചു. നടന്ന് പോകേണ്ടി വന്നാലും താനും കുടുംബവും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ല. അത് നിലവാരമില്ലാത്ത, വൃത്തികെട്ട കമ്പനിയാണ്. മാന്യമായ വിമാന കമ്പനികള്‍ വേറെയുമുണ്ട്. നിലവാരം ഇല്ലാത്തക്കമ്പനിനുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് മൂന്നാഴ്ച്ചത്തേക്കാണ് ഇ പി ജയരാജന് വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയത്.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പിണറായി വിജയന്റെ യാത്രയിലാണ് പ്രതിഷേധം ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവരാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇവരെ ഇ പി ജയരാജന്‍ തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ വധശ്രമം നടത്തിയെന്നാരോപിച്ച് പ്രതിഷേധക്കാര്‍ക്ക് എതിരെ കേസെടുത്തിരുന്നു. ഇ പി ജയരാജന് എതിരെ കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ആവശ്യം മുഖ്യമന്ത്രി തള്ളിക്കളയുകയായിരുന്നു.