കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയിൽ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്‌ഐആറിന്റെ പേരിൽ അമിത സമ്മർദം ഉണ്ടായി എന്നും തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയായിരുന്നു ഇത്തരം നടപടികളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അമിത സമ്മർദ്ദം ചെലുത്തുന്ന നടപടി തിരഞ്ഞെടുപ്പ് കമ്മീഷൻ അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പയ്യന്നൂർ ഏറ്റുകുടുക്ക സ്വദേശി അനീഷ് ആണ് മരിച്ചത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്ന് രാവിലെ 11മണിയോടെയാണ് അന്നെഷിനെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായി അനീഷ് ജോലി ചെയ്യുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് ജോലിയുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.
അതേസമയം തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകന്റെ ആത്മഹത്യയിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. പുതിയ അധ്യക്ഷൻ വന്നതിന് ശേഷം ബിജെപിയിൽ നടക്കുന്നത് അസാധാരണ സംഭവങ്ങളാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങൾ കൂടുതൽ നടക്കുന്നതും ബിജെപിയിലാണെന്നും ചെന്നിത്തല വ്യക്തമാക്കി. ബീഹാർ തിരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണം പരിശോധിക്കുമെന്നും തോൽവിയുടെ ഉത്തരവാദിത്വം മഹാസഖ്യത്തിന് ആകെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.







