കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ടു; സ്‌ഫോടനം ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കുന്നതിനിടെ

കണ്ണൂര്‍ തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ കൊല്ലപ്പെട്ടു. എരഞ്ഞോളി സ്വദേശി വേലായുധനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വേലായുധന്‍ തേങ്ങ എടുക്കാന്‍ പോകുമ്പോഴായിരുന്നു സ്‌ഫോടനം നടന്നത്.

പറമ്പില്‍ കിടന്നുകിട്ടിയ വസ്തു ബോംബ് ആണെന്ന് തിരിച്ചറിയാതെ തുറന്നതോടെയാണ് സ്‌ഫോടനമുണ്ടായത്. പറമ്പില്‍ നിന്ന് ലഭിച്ച വസ്തുവുമായി ഇതേ പറമ്പിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വരാന്തയിലെത്തിയ ശേഷമായിരുന്നു വേലായുധന്‍ തുറന്നത്. സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറയുന്നു.

സ്‌ഫോടനത്തിന് പിന്നാലെ വയോധികനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നു. നേരത്തെയും സമാന രീതിയില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നയാള്‍ക്ക് ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.