സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് കോൺഗ്രസ്; 2011ലെ പ്രകടനപത്രികയിൽ യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു

മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് കോൺഗ്രസ്. എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സംവരണം 2011ലെ പ്രകടനപത്രികയിൽ യുഡിഎഫും പറഞ്ഞിരുന്നു. സംവരണം രാഷ്ട്രീയ ചർച്ചാ വിഷയമായതോടെയാണു ഇരുമുന്നണികളും ഇക്കാര്യം വാഗ്ദാനം ചെയ്തതു വ്യക്തമായത്. സാമ്പത്തിക സംവരണത്തെ തത്വത്തിൽ നേരത്തെ മുതൽ അനുകൂലിക്കുന്ന സിപിഎം 2011ലെയും 2016 ലെയും പ്രകടനപത്രികയിൽ ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു.

യുഡിഎഫ് പക്ഷേ 2016ലെ പത്രികയിൽ പരാമർശിച്ചില്ല. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സംവരണ നിയമ ഭേദഗതിക്കു തന്നെ അടിസ്ഥാനമായ എസ്.ആർ.സിൻഹോ കമ്മിഷൻ ശുപാർശ കേരളത്തിലും നടപ്പാക്കുമെന്നാണു 2011ൽ യുഡിഎഫ് പത്രികയിൽ വാഗ്ദാനം ചെയ്തത്.

നിലവിൽ സാമ്പത്തിക സംവരണ വിഷയത്തിൽ യു.ഡി.എഫിൽ വ്യത്യസ്തനിലപാട് നിലനിൽക്കേ ഇക്കാര്യത്തിൽ പാർട്ടിയുടെ കാഴ്ചപ്പാടിന് രൂപംനൽകാനായി കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി ബുധനാഴ്ച യോഗം ചേരും. പിന്നാക്കവിഭാഗങ്ങളുടെ സംവരണം കുറച്ചുകൊണ്ടാകരുത് സാമ്പത്തിക സംവരണം നടപ്പാക്കാൻ എന്നാണ് കോൺഗ്രസിൻറെ നിലപാട്. ഇതിന് അടിവരയിടുന്ന തീരുമാനമാകും കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി കൈക്കൊള്ളുക.

അതേസമയം സാമ്പത്തിക സംവരണമെന്ന ആശയത്തെ എതിർക്കുന്ന മുസ്‌ലിം ലീഗ് പ്രകടനപത്രികയിൽ ഈ നിർദേശം ഉൾപ്പെടുത്തുന്നതിനോട് ആദ്യം യോജിച്ചിരുന്നില്ല. എന്നാൽ, കോൺഗ്രസിന്റെ താത്പര്യം കണക്കിലെടുത്ത് എതിർത്തതുമില്ല. കേന്ദ്രസർക്കാർ ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണത്തിന് നിയമപരമായ സാഹചര്യം ഒരുക്കുകയെന്ന വലിയകടമ്പ അന്ന് മുമ്പിലുണ്ടായിരുന്നു. 2019-ൽ കേന്ദ്രം ഭരണഘടനാ ഭേദഗതി പാസാക്കി.

സാമ്പത്തിക സംവരണത്തിനെതിരേ സമാന മനസ്സുള്ള സാമൂഹിക, സമുദായ സംഘടനകളെ അണിനിരത്താനുള്ള ശ്രമത്തിലാണ് ലീഗ്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്. ലീഗിന് അതിനുള്ള സ്വാതന്ത്ര്യം അനുവദിക്കുമ്പോൾതന്നെ കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിൽ മാറ്റം വേണ്ടെന്നാണ് നേതൃത്വത്തിന്റെ ചിന്ത.

ആകെ സീറ്റിന്റെ പത്തുശതമാനമാണോ, പൊതു മെറിറ്റായി വരുന്ന 50 ശതമാനത്തിന്റെ പത്തുശതമാനമാണോ സാമ്പത്തിക സംവരണത്തിൽ വരുകയെന്നതിനെക്കുറിച്ചുള്ള തർക്കം നിലനിൽക്കുന്നു. നിലവിലുള്ള സംവരണത്തെ ഒരുതരത്തിലും ബാധിക്കാത്തവിധമായിരിക്കും സാമ്പത്തിക സംവരണം നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആകെ സീറ്റിന്റെ പത്തുശതമാനം വരെ സാമ്പത്തിക സംവരണത്തിനായി നീക്കിവെക്കാമെന്നാണ് കേന്ദ്ര നിയമം.

Read more

നിലവിലുള്ള സംവരണത്തെ ബാധിക്കാത്ത തരത്തിൽ ആകെ സീറ്റിന്റെ പത്ത് ശതമാനം സാമ്പത്തിക സംവരണമാകുമ്പോൾ പൊതുമെറിറ്റിൽ വരുന്ന പിന്നാക്ക വിഭാഗത്തിലുള്ളവരുടെ സാധ്യത കുറയുമെന്നാണ് മറ്റൊരു വാദം. എന്നാൽ, പൊതുമെറിറ്റിൽ വരുന്ന പിന്നാക്കക്കാരുൾപ്പെടെയുള്ള ആരെയും ഇത് പൊതുവായി ബാധിക്കാമെന്ന മറുവാദവുമുണ്ട്.