സൗത്ത് സുഡാനില്‍ നിന്ന് കേരളത്തിലെത്തിയ കോട്ടയം സ്വദേശിനിയായ സ്ത്രീയ്ക്ക് എബോളയില്ല. സംസ്ഥാനത്തെ എബോള ഭീതി അകറ്റി എബോള പരിശോധനാഫലം നെഗറ്റീവ് എന്ന് വന്നതോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശ്വാസം. എബോള സംശയിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു കോട്ടയംകാരിയായ സ്ത്രീ. പുണെയിലെ ലാബില്‍ നടത്തിയ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇതോടെ ഇവരെ ഡിസ്ചാര്‍ജ് ചെയ്തു.
സൗത്ത് സുഡാനില്‍ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ അമ്പത്തിരണ്ടുവയസ്സുകാരിയാണ് എബോള സംശയിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കണക്ഷന് ഫ്ലൈറ്റിന് ഉഗാണ്ടയില്‍ ഇറങ്ങിയിരുന്നു. യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛര്‍ദിയും ഷുഗര്‍ ഉയര്‍ന്ന നിലയിലുമായിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഉഗാണ്ട വഴി എത്തിയെന്ന പശ്ചാത്തലത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നീട് പ്രത്യേക ക്രമീകരണങ്ങളില്‍ നിരീക്ഷിച്ചുവരികയും എബോള പരിശോധന നടത്തുകയുമായിരുന്നു.
ഡി.ആര്. കോംഗോയിലെയും ഉഗാണ്ടയിലെയും എബോള വ്യാപനത്തില്‍ നിരവധിപേര്‍ക്കാണ് ജീവന് നഷ്ടമായത്. പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്ത എബോളയുടെ അപൂര്‍വ വകഭേദമായ ബൂന്‍ഡി ബുഗ്യോ ആണ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ വ്യാപനത്തിനു പിന്നില്‍. എബോള വൈറസിന്റെ ആറ് വകഭേദങ്ങളില്‍ ഒന്നാണിത്. സൈര്‍, സുഡാന്, ടായ് ഫോറസ്റ്റ്, റെസ്റ്റോണ്‍, ബോംബാലി എന്നിവയാണ് മറ്റുള്ളവ. 2014-2016 കാലഘട്ടത്തില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തില്‍ 28,600-ല്‍ അധികം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. 1976-ല്‍ എബോള കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കോംഗോയില്‍ ഇതിനുമുമ്പ് എബോള റിപ്പോര്‍ട്ടുചെയ്തത്. അന്ന് 34 പേര് മരിച്ചു. 2018-2020 കാലത്ത് എബോള വൈറസ് ബാധിച്ച് 2300 പേരാണ് ഇവിടെ മരിച്ചത്.
Read more
വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസര്‍ജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകള്‍, മാനുകള്‍, മുള്ളന്‍ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ വൈറല്‍ രോഗങ്ങളില്‍ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോള്‍ ഛര്‍ദ്ദി, തൊലിയിലെ തിണര്‍പ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരില്‍ രോഗാവസ്ഥ കുറച്ചു ദിവസങ്ങള്‍കൊണ്ട് തനിയെ മാറുന്നു. എന്നാല്‍ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരില്‍ ക്രമേണ കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.







