യൂത്ത് കോണ്‍ഗ്രസിന്റേത് ഗൗരവതരമായ രാജ്യദ്രോഹ കുറ്റം; രാഹുല്‍ മാങ്കൂട്ടം വ്യാജ പ്രസിഡന്റ്; ആഞ്ഞടിച്ച് ഡിവൈഎഫ്‌ഐ

യൂത്ത് കോണ്‍ഗ്രസിന്റേത് വ്യാജ പ്രസിഡന്റെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. സംഘടനാ തിരഞ്ഞെടുപ്പിന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ച സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയില്‍ അബി വിക്രം, ബിനില്‍ ബിനു, ഫെന്നി,വികാസ് കൃഷ്ണ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയുമാണ്. അറസ്റ്റിലായവര്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ വിശ്വസ്തരാണ്.

രാഹുല്‍ മാങ്കൂട്ടത്തിന് വേണ്ടിയാണ് ഈ സംഘം ലക്ഷക്കണക്കിന് വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഈ വ്യാജ കാര്‍ഡുകള്‍ ഇനിയും പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും എന്നത് ആശങ്കാജനകമാണെന്നും അദേഹം പറഞ്ഞു.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ കൂടി ഉപയോഗിക്കാന്‍ വേണ്ടിയാണ് ഈ ഐഡി കാര്‍ഡ് നിര്‍മ്മിച്ചത്. ഗൗരവതരമായ രാജ്യദ്രോഹ കുറ്റം ആണിത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്നിട്ടുള്ള സംഘടിത രാഷ്ട്രീയ ഗൂഢാലോചനയാണ്. വ്യാജ വോട്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ട വ്യാജ പ്രസിഡന്റാണ് യൂത്ത് കോണ്‍ഗ്രസിന്റേതെന്ന് യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത് ശരി വെക്കുന്ന രീതിയിലാണ് കേസ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് വി.കെ.സനോജ് പറഞ്ഞു.