പ്രതിപക്ഷ നേതാവ് 150കോടി കൈക്കൂലി വാങ്ങി കെ. റെയില്‍ അട്ടിമറിച്ചെന്ന ആരോപണം; സതീശനെതിരെ ശക്തമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തിലെ യാത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും ഉദ്ദേശിച്ച് കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച സില്‍വര്‍ ലൈന്‍ അട്ടിമറിക്കാന്‍ വേണ്ടി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഐടി കോര്‍പ്പറേറ്റുകളില്‍ നിന്നും 150 കോടിയോളം രൂപ കൈക്കൂലി വാങ്ങി എന്ന് ഉയര്‍ന്നു വന്ന ആരോപണം ഞെട്ടിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ.

ഇന്ത്യയില്‍ യുവാക്കള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്ന സംസ്ഥാനമായ കേരളത്തില്‍ ഐ ടി മേഖലയടക്കമുള്ള വിവിധ മേഖലകളില്‍ യാത്രാ പ്രശ്‌നം ഉള്‍പ്പെടെ പരിഹരിച്ച് അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി തൊഴിലും നിക്ഷേപവും എത്തിക്കാന്‍ വേണ്ടി ആവിഷ്‌ക്കരിച്ച കെ.റെയില്‍ പദ്ധതിക്കെതിരെ നടത്തിയ സമരം കേരള ജനതയോടുള്ള വെല്ലുവിളിയായിരുന്നു.

അതിവേഗ റെയില്‍ പാതക്കെതിരെ കേരളത്തിലെ പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേര്‍ന്ന് സംഘടിതമായി പ്രവര്‍ത്തിച്ചു കൊണ്ട് പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിച്ചു.
ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ അതിവേഗപാതകളോട് യാതൊരു പ്രശ്‌നവും ഇല്ലാത്ത കോണ്‍ഗ്രസും ബിജെപിയും കേരളത്തില്‍ മാത്രം ഇത് അനുവദിക്കില്ല എന്ന നിലപാട് എടുത്തത് അന്നു തന്നെ സംശയാസ്പദമായിരുന്നു.

കോണ്‍ഗ്രസിന്റെ ഈ ഇരട്ടത്താപ്പിന് പിറകില്‍ കോര്‍പ്പറേറ്റുകള്‍ ഒഴുക്കിയ പണമായിരുന്നു എന്നാണിപ്പോള്‍ മനസിലാകുന്നത്. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് കര്‍ണാടക കേന്ദ്രീകരിച്ചുള്ള ഐടി കോര്‍പ്പറേറ്റുകളില്‍ നിന്ന് പ്രതിപക്ഷ നേതാവ് 150 കോടി രൂപയുടെ കൈക്കൂലി മൂന്ന് തവണകളായി കൈപ്പറ്റി എന്നതും അതിന്റെ ഇടനില നിന്നത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവ് കെ.സി വേണുഗോപാലാണെന്നതും ഏറെ ഗൗരവതരമാണ്.

Read more

കേരളത്തിലെ ജനങ്ങളുടെ വികസന സ്വപ്നങ്ങള്‍ക്ക് തുരങ്കം വെക്കുകയും യുവാക്കളുടെ തൊഴിലവസരം ഇല്ലാതാക്കുകയും കോര്‍പ്പറേറ്റുകളുടെ അച്ചാരം വാങ്ങി കേരളത്തെ വഞ്ചിക്കുകയും ചെയ്ത വി.ഡി സതീശനെതിരെ ഉചിതമായ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, പ്രസിഡന്റ് വി. വസീഫ് എന്നിവര്‍ ആവശ്യപ്പെട്ടു.