ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് തകര്‍ത്ത സംഭവം; ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടപ്പിച്ചതിനെന്ന് പൊലീസ്

തൃശൂര്‍ ചാലക്കുടിയില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തരുടെ നേതൃത്വത്തില്‍ പൊലീസ് ജീപ്പ് അടിച്ച് തകര്‍ത്തത് ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടപ്പിച്ചതിനെ തുടര്‍ന്നെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് നിധിന്‍ പുല്ലനും സംഘവുമാണ് പൊലീസ് ജീപ്പ് തകര്‍ത്തത്.

വെള്ളിയാഴ്ച ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഐടിഐ തിരഞ്ഞെടുപ്പ് വിജയിച്ചതിലെ ആഹ്ലാദ പ്രകടനത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്തതിന് പൊലീസ് പിഴ ഈടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്.

പൊലീസ് വാഹനത്തിന്റെ മുന്‍വശത്തെ ചില്ല് അടിച്ച് നിധിന്‍ പുല്ലന്റെ നേതൃത്വത്തിലുള്ള സംഘം അടിച്ച് തകര്‍ക്കുകയായിരുന്നു. പൊലീസുകാര്‍ ജീപ്പിലിരിക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളില്‍ കയറി ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ നിധിന്‍ പുല്ലനെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയതോടെ സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ട് തടയാന്‍ ശ്രമിച്ചിരുന്നു.

തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ച് നിധിനെ കസ്റ്റഡിയിലെടുത്തു. ഇതോടെ സിപിഎം ചാലക്കുടി ഏര്യ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഇടപെട്ട് നിധിനെ മോചിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ നിധിന്‍ ഒളിവിലാണ്. കേസില്‍ നിലവില്‍ പത്തോളം പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.