ഉഷ്ണതരംഗം കാര്‍ഷിക മേഖലയുടെ തലയറത്തു; 110 കോടിയുടെ കൃഷിനാശം; ഇടുക്കിയിലെ ഏക്കറുകണക്കിന് ഏലത്തോട്ടങ്ങള്‍ നശിച്ചു; കണ്ണീര്‍കയത്തില്‍ കര്‍ഷകര്‍

ഉഷ്ണതരംഗത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് വന്‍ തിരിച്ചടി. കഴിഞ്ഞ ഒരു മാസത്തിനിടെ 110 കോടിയിലേറെ രൂപയുടെ കൃഷിനാശമാണ് മലയോര മേഖലയില്‍ മാത്രം ഉണ്ടായിരിക്കുന്നത്.  ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വിളനാശം.

ജലസേചന സ്രോതസ്സുകള്‍ പൂര്‍ണ്ണമായും വറ്റി വരണ്ടതോടെ നെല്ല്, വാഴ, പച്ചക്കറി, കുരുമുളക്, കാപ്പി കൊക്കോ,ഏലം തുടങ്ങിയ പ്രധാന വിളകള്‍ക്കെല്ലാം കടുത്ത നാശനഷ്ടമാണ് ഉണ്ടായത്. 30 വര്‍ഷത്തിനിടയിലുള്ള ഏറ്റവും വലിയ വരള്‍ച്ച എന്നാണ് വയനാട്, ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ പറയുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഏലം, കുരുമുളക്, കാപ്പി എന്നിവയ്ക്ക് കൂട്ടത്തോടെ നശിച്ചിട്ടും സര്‍ക്കാര്‍ ഇടപെടലുകള്‍ വൈകുകയാണെന്ന് കര്‍ഷകര്‍ക്ക് പരാതിയുണ്ട്. നഷ്ടം ഉണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ പ്രഖ്യാപിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ നഷ്ടം ഉണ്ടാകാതിരിക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകളും ആവശ്യമാണെന്ന് ഇവര്‍ പറയുന്നു.

ഇടുക്കിയിലെ ഏലം ഉത്പാദക കേന്ദ്രങ്ങളില്‍ തുടരുന്ന വരള്‍ച്ച ഏലം കര്‍ഷകര്‍ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇടുക്കിയിലെ ഏലം മേഖലയില്‍ വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യമുണ്ടാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് വണ്ടന്‍മേട്, പാത്തുമുറി, ശാന്തന്‍പാറ, നെടുങ്കണ്ടം, കട്ടപ്പന, ആനവിലാസം, ചക്കുപള്ളം തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍തോതില്‍ ഏലത്തോട്ടങ്ങള്‍ നശിച്ചു.

രണ്ടാഴ്ച കൂടി വരള്‍ച്ച തുടര്‍ന്നാല്‍ തന്റെ ഭൂമിയിലെ ഒട്ടുമിക്ക ചെടികളും നശിക്കാനാണ് സാധ്യതയെന്ന് കട്ടപ്പനയ്ക്കടുത്ത് കക്കാട്ടുകടയിലെ ഏലം കര്‍ഷകന്‍ ഷാജി പറഞ്ഞു. ”വേനല്‍ മഴയുടെ വരവ് പ്രതീക്ഷിച്ച് മിക്ക കര്‍ഷകരും ജലസേചനം തുടരുന്നു. എന്നാല്‍ സംഭരിച്ച വെള്ളം ഏതാണ്ട് തീര്‍ന്നു, മഴ ഇതുവരെ ഉണ്ടായിട്ടില്ല, അദ്ദേഹം വ്യക്തമാക്കി.

1982-ല്‍ ഈ മേഖലയിലെ ഏലം കര്‍ഷകര്‍ വരള്‍ച്ചയെ അഭിമുഖീകരിച്ചു. ‘ആ വര്‍ഷം ഏപ്രില്‍ 17-ന് മാത്രമാണ് വേനല്‍മഴ ലഭിച്ചത്. മിക്കവാറും എല്ലാ കര്‍ഷകരുടെയും ഏലച്ചെടികള്‍ ആ വര്‍ഷം നശിച്ചു. ആ വര്‍ഷത്തെ വരള്‍ച്ചയെത്തുടര്‍ന്ന് കര്‍ഷകര്‍ വളരെയധികം കഷ്ടപ്പെട്ടവെന്ന് മറ്റൊരു കര്‍ഷകനായ മാത്യു പറഞ്ഞു.

കുതിച്ചുയരുന്ന ചൂട് അടുത്ത വര്‍ഷം ഏലം ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷൈന്‍ വര്‍ഗീസ് പറഞ്ഞു.

ജില്ലയില്‍ പലയിടത്തും വേനല്‍മഴ ലഭിക്കാത്തതിനാല്‍ ഏലച്ചെടികള്‍ നശിച്ചു. ഇതേ സ്ഥിതി തുടര്‍ന്നാല്‍ ഏലത്തോട്ടങ്ങളില്‍ ഭൂരിഭാഗവും ഉടന്‍ ഇല്ലാതാകുമെന്ന് അദേഹം വ്യക്തമാക്കി.

ചില ഏലത്തോട്ടങ്ങളില്‍ ജലസേചനം തുടരുന്നു. എന്നിരുന്നാലും, അമിതമായ ചൂട് കാരണം ചെടികള്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ല. ചെടികള്‍ നഷ്ടപ്പെട്ടാല്‍, അടുത്ത കുറച്ച് വര്‍ഷത്തേക്ക് കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കില്ലന്നും ഷൈന്‍ പറഞ്ഞു.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, കൃഷി വിജ്ഞാന കേന്ദ്ര (കെവികെ) ഇടുക്കി, ശാസ്ത്രജ്ഞന്‍ സുധാകര്‍ സൗന്ദര്‍രാജന്‍ എന്നിവര്‍ വരള്‍ച്ച ഏല മേഖലയെ മോശമായി ബാധിക്കുന്നുവെന്നും കര്‍ഷകര്‍ അവരുടെ ചെടികള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കൊടും ചൂടില്‍ ചത്തൊടുങ്ങിയ കന്നുകാലികളുടെയും കോഴി, താറാവ് ഉള്‍പ്പെടെയുള്ളവയുടെയും കണക്ക് എടുത്തുവരുമ്പോ നഷ്ടം ഇതിലും ഉയരുമെന്നാണ് വിലയിരുത്തുന്നത്. വരള്‍ച്ചക്കെടുതി വിലയിരുത്താന്‍ കാര്‍ഷിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തിനകം ദൗത്യസംഘം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി. പ്രസാദ് അറിയിച്ചിരുന്നു.

Read more

വിദഗ്ധസംഘം ജില്ലതോറും സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഈ മാസം 6, 7 തീയതികളിലായി സംസ്ഥാനത്തെ നൂറോളം ബ്ലോക്കുകളില്‍ സംഘങ്ങളെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആലപ്പുഴ, വയനാട് ജില്ലകളില്‍ എല്ലാ ബ്ലോക്കുകളിലും സന്ദര്‍ശനം പൂര്‍ത്തിയായി.