അനാസ്ഥ ഉണ്ടാകുന്നതായി സൂപ്രണ്ടിനേയും ആര്‍.എം.ഒയെയും അറിയിച്ചു, അവർ പ്രതികരിച്ചില്ല; കളമശേരി മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം തള്ളി ഡോ. നജ്മ

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ രോഗികള്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം തള്ളി ഡോക്ടര്‍ നജ്മ. ഹാരിസും ബൈഹക്കിയും ജമീലയും ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളില്‍ താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് നജ്മ പറഞ്ഞു. അനാസ്ഥകളുണ്ടാകുന്നതായി സൂപ്രണ്ടിനേയും ആര്‍എംഒയെയും അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍  പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഡിഎംഇ നിർദേശം നൽകി. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ നജ്‌മ ആശുപത്രി അധികൃതരോട് പരാതി പറയാതെ പുറത്ത് പറഞ്ഞത് എന്തിനെന്ന് അന്വേഷിക്കും. നഴ്സിംഗ് ഓഫീസർ അവരുടെ സഹപ്രവർത്തകരുടെ ഗ്രൂപ്പിൽ ഇട്ട ഓഡിയോ സന്ദേശം എങ്ങനെ പുറത്തായെന്നും അന്വേഷിക്കും.

എന്നാൽ താൻ പരാതി വാക്കാൽ പറഞ്ഞിട്ടുണ്ടെന്ന് ഡോ.നജ്മ പറയുന്നു. ഹാരിസിനേയും ബൈഹക്കിയേയും ജമീലയേയും കണ്ടിട്ടുണ്ടെന്നും പക്ഷേ അവരാരും മരിക്കുന്ന സമയത്ത് താന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ നജ്മ പറഞ്ഞു. അങ്ങനെ എവിടേയും പറഞ്ഞിട്ടുമില്ല. ജമീലയുടേയും ബൈഹക്കിയുടേയും കാര്യത്തില്‍ അനാസ്ഥയുണ്ടായതായി കണ്ണില്‍ പെട്ടിട്ടുണ്ട്. അത് സിസ്റ്റര്‍മാരോട് പറഞ്ഞിരുന്നുവെന്നും നജ്മ കൂട്ടിച്ചേര്‍ത്തു.

ജമീലയ്ക്ക് മാസ്‌ക് വെച്ചിരുന്നുവെങ്കിലും വെന്റിലേറ്റര്‍ ഓഫായിരുന്നു. രോഗി വേഗത്തില്‍ ശ്വസിക്കുന്ന ശബ്ദം കേട്ട് ചെന്നു നോക്കുമ്പോഴാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. വെന്റിലേറ്റര്‍ താന്‍ തന്നെ ഓണ്‍ ആക്കിയ ശേഷം സിസ്റ്ററോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. ബൈഹക്കിയുടേത് വെന്റിലേറ്റര്‍ എടുത്തുകൊണ്ടുവരാനുള്ള താമസമായിരുന്നു.

മുമ്പും പരാതി എവിടെയും എഴുതി നല്‍കിയിരുന്നില്ല. വാക്കാലാണ് പരാതികള്‍ പറഞ്ഞത്. അതെല്ലാം അവര്‍ പരിഹരിച്ചിട്ടുണ്ട്. 19-ന് വെളുപ്പിന് ആര്‍എംഓയ്ക്കും സൂപ്രണ്ടിനും അനാസ്ഥ ചൂണ്ടിക്കാട്ടി ശബ്ദ സന്ദേശം അയച്ചിരുന്നു. ഹൈബി ഈഡന്റെ കത്ത് ശ്രദ്ധയില്‍ പെട്ടതിനേ തുടര്‍ന്നാണ് അത് ചെയ്തത്. പക്ഷേ അതിന് ശേഷം അതിനെ കുറിച്ച് അന്വേഷണമൊന്നും ഉണ്ടായില്ലെന്നും ഡോക്ടര്‍ നജ്മ പറഞ്ഞു.

ഒരു ജൂനിയര്‍ ഡോക്ടറല്ല ഐസിയു പ്രവര്‍ത്തിപ്പിക്കുന്നതെന്നും ആരോപണം ഉന്നയിച്ച ജൂനിയര്‍ ഡോക്ടര്‍ മരിച്ച രോഗിയെ കണ്ടിട്ടില്ലെന്നും കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞിരുന്നു. സംശയാസ്പദമായ കാര്യങ്ങളാണ് അവര്‍ ഉന്നയിക്കുന്നതെന്നും വൈസ്. പ്രിന്‍സിപ്പല്‍ ആരോപിച്ചിരുന്നു.