രണ്ട് പുസ്തകങ്ങളിലായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി മുഖ്യമന്ത്രി; കേവല ദാരിദ്ര്യം ഇല്ലാതാക്കും, എല്ലാ ക്ഷേമ പെന്‍ഷനുകളും 3000 രൂപയായി വര്‍ദ്ധിപ്പിക്കും, കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ്ണ പരിരക്ഷ ഉറപ്പാക്കും

നിയമസഭാ തിരഞ്ഞെടുപ്പിനനോടനുബന്ധിച്ച് പ്രകടന പത്രിക പുറത്തിറക്കി എല്‍ഡിഎഫ്. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളിലായാണ് എല്‍ഡിഎഫ് പ്രകടനപത്രിക മുഖ്യമന്ത്രി പുറത്തിറക്കിയത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും സാമൂഹ്യക്ഷേമവും ഊന്നിയാണ് പ്രകടന പത്രിക. ക്ഷേമപെന്‍ഷന്‍ വര്‍ധനയുള്‍പ്പെടെ വമ്പന്‍ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. എല്ലാ ക്ഷേമ പെന്‍ഷനുകളും 3000 രൂപയായി വര്‍ദ്ധിപ്പിക്കുമെന്നും കേവല ദാരിദ്ര്യം ഇല്ലാതാക്കുമെന്നും എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നു.

ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റും, കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ്ണ പരിരക്ഷ ഉറപ്പാക്കുകയും മുതിര്‍ന്ന പൗരന്മാര്‍ക്കായി ആഗോള മാതൃകയിലുള്ള പരിരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുമെന്ന് ഇടത് പ്രകടനപത്രിക പറയുന്നു. യുവജനങ്ങളുടെ പുതിയ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ നല്‍കും,’പഠിച്ചാല്‍ ജോലി ഉറപ്പ്’ എന്നതാണ് തൊഴില്‍ കാര്യത്തിലെ വാഗ്ദാനം. പഠനം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷയാണ് ലക്ഷ്യം. കാരുണ്യ പദ്ധതിയുടെ ചികിത്സാ പരിധി അഞ്ച് ലക്ഷം എന്നതില്‍ നിന്ന് മാറ്റി പരിധിയില്ലാതെ ആനുകൂല്യം ലഭ്യമാക്കും. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നാല് ഉന്നതവിദ്യാഭ്യാസ നഗരങ്ങള്‍ സ്ഥാപിക്കും. അങ്കണവാടികള്‍ സ്മാര്‍ട്ടാക്കുകയും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മിനിമം ശേഷി ഉറപ്പുവരുത്തുകയും ചെയ്യും.

നെല്ലിന്റെ തറവില 35 രൂപയായും, നാളികേരത്തിന് 45 രൂപയായും, റബ്ബറിന് 300 രൂപയായും വര്‍ദ്ധിപ്പിക്കും. പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും ‘കേരള ചിക്കന്‍’ പദ്ധതി 5000 യൂണിറ്റുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും

എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും സാമൂഹ്യക്ഷേമവും

കേവല ദാരിദ്ര്യം ഇല്ലാതാക്കും

എല്ലാ ക്ഷേമ പെന്‍ഷനുകളും 3000 രൂപയായി വര്‍ദ്ധിപ്പിക്കും

ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ (GCC) 40ല്‍ നിന്ന് 120 ആയി വര്‍ദ്ധിപ്പിച്ച് രണ്ട് ലക്ഷം പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ നല്‍കും

തൊഴില്‍ പ്രായത്തിലുള്ള സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്ക് ജോലി ഉറപ്പാക്കും

കുടുംബശ്രീ വഴി 20 ലക്ഷം വീട്ടമ്മമാര്‍ക്ക് പ്രാദേശിക തൊഴിലുകള്‍ ലഭ്യമാക്കും

മത്സ്യത്തൊഴിലാളികള്‍ക്ക് കടലിന്മേല്‍ ഉടമസ്ഥാവകാശവും ആദ്യ വില്‍പനാവകാശവും നല്‍കുന്നതിനുള്ള സമുദ്ര പരിഷ്‌കാരം നടപ്പിലാക്കും

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം പശ്ചാത്തല മേഖലയില്‍ ഉണ്ടാകും

ലൈഫ് മിഷന്‍ 2.0 വഴി അവശേഷിക്കുന്ന കുടുംബങ്ങള്‍ക്കും വീട് നല്‍കി കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാക്കും

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍ നടപ്പിലാക്കും

കൊച്ചി വാട്ടര്‍ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂര്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും

എല്ലാ റെയില്‍വേ ലെവല്‍ ക്രോസുകളും ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും

മറ്റ് പ്രധാന പദ്ധതികള്‍

‘ജീവജലം കേരളം’: എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജനകീയ കാമ്പയിന്‍

സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണം: കക്കൂസ് മാലിന്യ സംസ്‌കരണത്തിനായി എഫ്.എസ്.ടി.പി (FSTP) കള്‍ സ്ഥാപിക്കും

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കുകയും ‘ക്ലീന്‍ പമ്പ’ പദ്ധതി നടപ്പിലാക്കുകയും ചെയ്യും

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും