സ്ത്രീകളുടെ വിവാഹപ്രായം 21 ആയി വർദ്ധിപ്പിക്കരുത്; മുസ്ലിം വ്യക്തിനിയമത്തിന് മേലുള്ള കടന്നുകയറ്റം, എതിർപ്പുമായി മുസ്ലിം ലീ​ഗ്

സ്ത്രീകളുടെ കുറഞ്ഞ വിവാഹം പ്രായം18 വയസ്സിൽ നിന്നും 21 വയസിലേക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം ലീ​ഗ് രം​ഗത്ത്. വിവാഹപ്രായം 21 ആക്കുന്നതിനെതിരെ പാര്‍ലമെന്റിന്റെന്റെ ഇരുസഭകളിലും മുസ്ലിം ലീഗ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. ലോക്‌സഭയില്‍ ഇടി മുഹമ്മദ് ബഷീര്‍, അബ്ദു സമദ് സമദാനി എന്നിവരാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭയില്‍ പിവി അബ്ദുല്‍ വഹാബും നോട്ടീസ് നല്‍കി.

വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും, തീരുമാനം മുസ്ലിം വ്യക്തിനിയമത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പിവി അബ്ദുള്‍ വഹാബ് പറഞ്ഞു. ബിൽ വന്നാൽ ശക്തിയായി എതിർക്കുമെന്നും രാജ്യത്ത് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ് കേന്ദ്ര സർക്കാരെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നത് സാധൂകരിക്കപ്പെടുന്ന രാജ്യത്ത് വിവാഹപ്രായം കൂട്ടുന്നത് എങ്ങനെയാണ് ന്യായീകരിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്‍മാര്‍ക്ക് സമാനമായി 21 വയസാക്കാന്‍ അനുമതി നല്‍കിയത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, സ്ത്രീ പുരുഷ സമത്വം, ജനസംഖ്യാ നിയന്ത്രണം എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയര്‍ത്താൻ കേന്ദ്രം തീരുമാനിച്ചത്.