നന്ദി കാട്ടിയില്ലെങ്കിലും നന്ദികേട് കാട്ടരുത്; മലബാർ കലാപത്തിന്റെ ചരിത്രം തേച്ചുമായിച്ച് കളയാൻ ശ്രമമെന്ന് സാദിഖലി തങ്ങൾ

മലബാർ സമരപോരാളികളെ സ്വാതന്ത്രസമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കാനുള്ള തീരുമാനം ചരിത്രം തേച്ചുമായ്ച്ച് കളയാനുള്ള കേന്ദ്രസർക്കാറിന്റെ ശ്രമമാണെന്ന് സാദിഖലി തങ്ങൾ.

മലബാർ കലാപത്തിൽ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര ചരിത്ര പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചരിത്രത്തെ വക്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും ഈ നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രക്തസാക്ഷികളോട് നന്ദി കാട്ടിയില്ലെങ്കിലും നന്ദികേട് കാട്ടരുതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപുരുഷൻമാർ ജീവിക്കുന്നത് രേഖകളിലല്ല മനുഷ്യ മനസ്സുകളിലാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസലിയാർ എന്നിവരടക്കമുള്ളവരുടെ പേരുകൾ സ്വാതന്ത്യസമര രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കം ചെയ്ത ചരിത്ര ഗവേഷണ കൗൺസിലിന്റെ തീരുമാനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അവർ.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് നിയോഗിച്ച മൂന്നംഗ സമിതിയാണ് മലബാർ കലാപത്തിൽ പങ്കെടുത്ത 387 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ശിപാർശ നൽകിയത്.

മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് നിർദേശം. മലബാർ കലാപം ഉയർത്തിയ മുദ്രാവാക്യങ്ങൾ ബ്രിട്ടീഷുകാർക്കെതിരെയോ, ദേശീയ സ്വഭാവമുള്ളതോ ആയിരുന്നില്ലെന്നും സമിതി വിലയിരുത്തി.