ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല, തീരുമാനങ്ങള്‍ക്കാണ് പ്രസക്തി; വയനാട്ടിലെ സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

വന്യജീവികളുടെ ആക്രമണത്തെ തുടര്‍ന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. വയനാട്ടിലെ ജനവികാരം മനസിലാകാത്ത മന്ത്രിമാരോടൊപ്പം ഒരു ചര്‍ച്ചയ്ക്കും താത്പര്യമില്ലെന്ന് ടി സിദ്ദിഖ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധത്തിനും ശ്രമിച്ചു.

ഇതേ തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും മാറ്റിയത്. പ്രതിഷേധം കണക്കിലെടുത്ത് നഗരത്തില്‍ വലിയ രീതിയിലുള്ള സുരക്ഷ ഒരുക്കിയിരുന്നു. അതേ സമയം വയനാട്ടിലേക്കെത്തുന്ന മന്ത്രിമാരെ വഴി തടയുമെന്ന് ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇത്രയും വന്യജീവി ആക്രമണങ്ങള്‍ നടന്നിട്ടും കൊല്ലപ്പെട്ടവരുടെ വീട്ടിലെത്താതിരുന്ന മന്ത്രിയുടെ ഒപ്പമിരുന്ന് ചര്‍ച്ച നടത്താന്‍ താത്പര്യമില്ലെന്നാണ് യുഡിഎഫ് നിലപാട്. ഒരു ചര്‍ച്ചയ്ക്കും ഇനി പ്രസക്തിയില്ല. തീരുമാനങ്ങള്‍ക്കാണ് പ്രസക്തി. മുഖ്യമന്ത്രി നേരിട്ട് വയനാട്ടിലെത്തണം. വയനാട് ജില്ലയുടെ ചുമതലയില്‍ നിന്ന് എകെ ശശീന്ദ്രനെ മാറ്റണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.