ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍; 'വിരമിച്ച ഉദ്യോഗസ്ഥ ഇങ്ങനെ പറയാനുണ്ടായ സാഹചര്യം അന്വേഷിക്കണം': വി.ഡി സതീശന്‍

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെ കുറിച്ച് പൊലീസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരാളെ ശിക്ഷിച്ച ശേഷം വിരമിച്ച ഉദ്യോഗസ്ഥ വന്ന് കേസിന് എതിരെ പറയുന്നതില്‍ അനൗചിത്യമുണ്ട്. അതിനാല്‍ ഇത്തരമൊരു പരാമര്‍ശം നടത്താനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുന്‍ ഡിജിപി പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. അത് സത്യമാണോ അതോ കേസിനെ ദുര്‍ബലപ്പെടുത്താനുള്ളതാണോ എന്നറിയില്ല. ഇക്കാര്യം അന്വേഷിക്കണം. എന്തുകൊണ്ടാണ് ഈ വിവരങ്ങള്‍ നേരത്തെ പറയാതിരുന്നതെന്ന് അന്വേഷിക്കണമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നുവെന്നും പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും എംഎല്‍എ കെ കെ രമയും പ്രതികരിച്ചിരുന്നു. ആര്‍ ശ്രീലേഖ നേരത്തെയും ദിലീപിന് അനുകൂലമായ നിലപാട് എടുത്തിട്ടുണ്ടെന്നും അവര്‍ക്കെതിരെ അന്വേഷണം വേണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.

ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശത്തെ തുടര്‍ന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി പ്രോസിക്യൂഷന്‍. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസില്‍ പ്രതി നിരപാധിയാണെന്ന് പരസ്യമായി പറയുന്നത് കോടതിയ ലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. ശ്രീലേഖയില്‍ നിന്ന് മൊഴിയെടുക്കും.വെളിപ്പെടുത്തലുകളെ കുറിച്ച് തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാമെന്നും പ്രോസിക്യൂഷന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും ശിക്ഷിക്കാന്‍ തക്ക തെളിവുകളില്ലെന്നുമാണ് യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ദിലീപ് നിരപരാധിയാണ്. ദിലീപിന് എതിരെ തെളിവുകള്‍ ഒന്നുമില്ല. വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണ് ചെയ്തതെന്നുമായിരുന്നു ഡിജിപി പറഞ്ഞത്.