പുത്തരിക്കണ്ടം മൈതാനത്തെ പരിപാടിയില്‍ പ്രധാനമന്ത്രിക്ക് അടുത്തേക്ക് പോകാതെ മാറി നിന്ന സംഭവത്തില്‍ വിശദീകരണവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ‘തനിക്ക് അച്ചടക്കം വളരെ പ്രധാനമാണെന്നും രാഷ്ട്രീയം പുതിയതാണെന്നും പറഞ്ഞ ശ്രീലേഖ പൊലീസിലായ സമയത്ത് അങ്ങോട്ടേക്ക് ക്ഷണിച്ചാലല്ലാതെ പോകരുതെന്ന നിർദേശം ലഭിച്ചതിനാലാണ് സ്വസ്ഥാനത്ത് നിലയുറപ്പിച്ചതെന്നും അനാവശ്യ വിവാദം വേണ്ടെന്നും കൂട്ടിച്ചേർത്തു.
പാര്‍ട്ടിയുടെ ഉപാധ്യക്ഷ എന്ന നിലയില്‍ തന്ന ഇരിപ്പിടത്തില്‍ നിലയുറപ്പിക്കണം എന്നായിരുന്നു ധാരണയെന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ശ്രീലേഖ വ്യക്തമാക്കി. മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും, എന്നും ബിജെപിക്കൊപ്പമെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. ക്ഷണിച്ചാലല്ലാതെ വേദിയില്‍ പ്രധാനമന്ത്രിക്കരികിലേക്ക് പോകരുതെന്ന് എന്ന തരത്തിലുള്ള പരിശീലനം തനിക്ക് ലഭിച്ചതിനാലാകാം തന്റെ സ്ഥാനം വിട്ട് മാറാന്‍ തോന്നാതിരുന്നതെന്ന് ശ്രീലേഖ പറഞ്ഞു.
വിവിഐപി എന്‍ട്രന്‍സിലൂടെ വന്ന് പ്രധാനമന്ത്രി അതേ എന്‍ട്രന്‍സിലൂടെ തന്നെ തിരികെ പോകുമ്പോള്‍ അവിടെക്കൂടി താനും പോകുന്നത് ശരിയല്ലെന്ന് ധരിച്ചുവെന്ന് ശ്രീലേഖ വിശദീകരിച്ചു. പിന്നീട് മാധ്യമ വാര്‍ത്തകളാണ് ഈ സംഭവത്തെ മോശമായി ചിത്രീകരിച്ചത്. ആരും തെറ്റിദ്ധരിക്കേണ്ടെന്നും എപ്പോഴും ബിജെപിക്കൊപ്പമായിരിക്കുമെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു. ഞാന്‍ നിങ്ങളുടെ സ്വന്തം ശ്രീലേഖ എന്ന് കൂടി പറഞ്ഞുകൊണ്ടാണ് അവര്‍ വിഡിയോ അവസാനിപ്പിക്കുന്നത്.
മേയര്‍ വിവി രാജേഷും, കെ സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ മോദിയെ യാത്രയാക്കുന്ന ഘട്ടത്തില്‍ ശ്രീലേഖ അങ്ങോട്ട് വരാതെ മാറിനിന്നതാണ് വലിയ ചര്‍ച്ചയായത്. മേയര്‍ സ്ഥാനം ഉള്‍പ്പെടെയുള്ള പദവികള്‍ നല്‍കാത്തതിലെ അതൃപ്തിയാണോ ശ്രീലേഖയുടെ ഈ തരത്തിലുള്ള പെരുമാറ്റത്തിന് കാരണമെന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ശ്രീലേഖ രംഗത്തെത്തിയത്.







