സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. രണ്ടു പേരുടെ ജാമ്യത്തിലാണ് വിട്ടയച്ചത്. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

മഞ്ജുവാര്യരുടെ പരാതിയില്‍ ഇന്ന് വൈകുന്നേരം തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്തിരുന്നു. വൈകിട്ട് നാല് മണിക്കാണ് ശ്രീകുമാര്‍ മേനോനെ പൊലീസ് ക്ലബില്‍ എത്തിച്ചത്. രണ്ടരമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത്. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ സുഹൃത്തുമാണെന്നും പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്. അതേസമയം പൊലീസില്‍ പരാതി നല്‍കിയ വിഷയത്തില്‍ മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ശ്രീകുമാര്‍ മേനോന്‍ നടത്തിയത്.

ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും അപ്പോള്‍ കാണുന്നവനെ അപ്പാ “എന്ന് വിളിക്കുന്ന സ്വഭാവവും കൂടെപ്പിറപ്പാണെന്ന് നിന്റെ അച്ഛന്‍ തന്നെയാണ് എന്നോട് പറഞ്ഞിരിക്കുന്നത് എന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.തന്റെ ബുദ്ധിയിലും സ്‌നേഹത്തിലും ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങള്‍, എല്ലാം മഞ്ജു മറന്നുപോയെന്നുമൊക്കെയായിരുന്നു ശ്രീകുമാര്‍ മേനോന്റെ വാദങ്ങള്‍.