വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് നിർദേശവുമായി മാനന്തവാടി രൂപത; എംപിയുടെ സ്ഥിരം പ്രതിനിധിവേണമെന്ന് സർക്കുലറിൽ

വയനാട്ടില്‍ എംപിയുടെ സ്ഥിരം പ്രതിനിധിവേണമെന്നാവശ്യപ്പെട്ട് മാനന്തവാടി രൂപത. വന്യജീവി സംഘർഷം, ആരോഗ്യമേഖയിലെ പ്രശ്‌നങ്ങൾ, പൊതുഗതാഗത സംവിധാനങ്ങളുടെ പരിമിതികൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തൊഴിൽ നൽകുന്ന സ്ഥാപനങ്ങളുടെ അപര്യാപ്തതയുമടക്കം ചൂണ്ടികാണിച്ച് രൂപത സർക്കുലർ ഇറക്കി. തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ മുൻഗണന നൽകേണ്ട വിഷയങ്ങൾ നിർദേശിച്ച് സർക്കുലർ.

നിയോജക മണ്ഡലത്തിൻ്റെ പ്രശ്നങ്ങൾ സ്ഥിരമായി നിരീക്ഷിക്കാൻ എംപിയുടെ പ്രതിനിധിയെ നിയോഗിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നുണ്ട്. എല്ലാ മതവിഭാഗങ്ങൾക്കും സമുദായങ്ങൾക്കും തുല്യതയും സഹിഷ്‌ണുതയും ഉറപ്പ് വരുത്തണം, വയനാട് മണ്ഡലത്തിന്റെ ആവശ്യങ്ങളും ആശങ്കകളും പ്രത്യേകം അഭിസംബോധന ചെയ്യുന്ന പ്രത്യേക പ്രകടനപത്രിക പ്രസിദ്ധീകരിക്കണമെന്നും രൂപത പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

വയനാട്ടിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ കേന്ദ്രസർക്കാരിനെ സമ്മർദത്തിലാക്കണമെന്നും നഞ്ചൻകോട്-നിലമ്പൂർ റെയിൽവേ പദ്ധതി നടപ്പാക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഇടപ്പെടൽ നടത്തണമെന്നും രൂപത ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൻ്റെ സാധ്യത ഒരു ബോർഡിൽ മാത്രം ഒതുങ്ങുകയാണ്. മറ്റ് ജില്ലകളിലേക്കുള്ള ബദൽ ഗതാഗത മാർഗങ്ങൾക്ക് സർക്കാരുകളും രാഷ്ട്രീയ സഖ്യങ്ങളും വേണ്ടത്ര പരിഗണന നൽകിയിട്ടില്ല. ദേശീയപാതയുടെ ഭാഗമായിട്ടും വയനാടിനെ അവഗണിച്ചു. വയനാട് ചുരം വീതികൂട്ടുന്നതിലും വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും സർക്കാരുകൾ പരാജയപ്പെട്ടുവെന്നും രൂപത ചൂണ്ടികാട്ടി.

വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് ഒരു ഏകീകൃത നിയമമുണ്ടാക്കി കാലക്രമേണ ഭേദഗതികൾ വരുത്തണം. വനത്തിനുള്ളിൽ 500 മീറ്റർ ചുറ്റളവിൽ വേലി കെട്ടിയും വനാതിർത്തികളിൽ കൽഭിത്തികൾ സ്ഥാപിച്ചും വനപ്രദേശങ്ങളിൽ നിന്ന് ജനവാസമുള്ള ഭൂമി വേർതിരിച്ച് ജനവാസ മേഖല മൃഗേതര മേഖലയായി പ്രഖ്യാപിക്കണമെന്നും രൂപത ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് അതിവേഗം നീതി ലഭ്യമാക്കണമെന്ന് രൂപത ആവശ്യപ്പെടുന്നു.

Read more

വാഹനാപകടങ്ങളിൽ നഷ്‌ടപരിഹാരം നൽകുന്നതിന് സമാനമായി വന്യജീവി ആക്രമണത്തിൽ നഷ്ട‌പരിഹാരം നൽകുന്ന നിയമമുണ്ടാവേണ്ടതും ആവശ്യമാണ്. പരിസ്ഥിതി ലോല മേഖലകളുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരവും രൂപത ചൂണ്ടികാട്ടിയിട്ടുണ്ട്. ന്യായമായ കാർഷിക സമ്പ്രദായങ്ങൾ ഉറപ്പാക്കണെമെന്നും കർഷകർക്ക് പെൻഷൻ പദ്ധതി കൊണ്ടുവരണമെന്നും രൂപത ആവശ്യപ്പെട്ടിട്ടുണ്ട്.