മാധ്യമ വിചാരണ ഡി.ജി.പി അന്വേഷിക്കും; ദിലീപിന്റെ ഹര്‍ജിയില്‍ പൊലീസിന് നോട്ടീസ്

മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഡിജിപിക്ക് കോടതി നോട്ടീസയച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രഹസ്യവിചാരണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് ദിലീപിന്റെ പരാതി. ഇക്കാര്യത്തില്‍ ഡിജിപി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. വിചാരണക്കോടതി ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ ചാനലിലൂടെയാണ് പുറത്തു വന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറാണ് റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് ദിലീപിനെ ഒന്നാം പ്രതിയും മറ്റു ആറുപേരെയും ചേര്‍ത്ത ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് തന്നോടുള്ള വൈരാഗ്യം മൂലമാണ് കേസെന്നായിരുന്നു ദിലീപ് പ്രതികരിച്ചത്.