ചാപ്പകുത്തിനും മഷിക്കുപ്പിക്കും ശേഷം 'വീണിടം വിദ്യ'; ലോ കോളജ് സംഘര്‍ഷം കെ.എസ്.യു നാടകമെന്ന് ദേശാഭിമാനി

തിരുവനന്തപുരം ഗവ: ലോ കോളേജ് സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ കെഎസ്യു പ്രവര്‍ത്തകരുടേത് നാടകം ആണെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനി. യൂണിറ്റ് പ്രസിഡണ്ടായ വനിതയെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചതാണെന്ന വാര്‍ത്ത തള്ളിയ ദേശാഭിമാനി കോളേജില്‍ സംഘര്‍ഷത്തിനിടയില്‍പ്പെട്ട സുഹൃത്തിനെ മാറ്റുന്നതിനിടെ വീണ യുവതിയുടെ ദൃശ്യങ്ങളാണ് ഇത്തരത്തില്‍ കെഎസ്യു പ്രചരിപ്പിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചാപ്പകുത്തല്‍ മുതല്‍ മഷിക്കുപ്പിവരെയുള്ള നാടകങ്ങള്‍ക്ക് ശേഷം കെഎസ്യു കൊണ്ടുവന്ന പുതിയ നാടകം ‘വീണിടം വിദ്യയും പൊളിഞ്ഞുവെന്നും ദേശാഭിമാനി പരിഹസിക്കുന്നു.

 

ചാപ്പകുത്തല്‍ വിവാദത്തേയും മഷി കുപ്പി വിവാദവും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്രകാരമാണ്-

‘2000ല്‍ ആയിരുന്നു കെഎസ്യു പ്രവര്‍ത്തകന്‍ നിഷാദിന്റെ പുറത്ത് എസ്എഫ്ഐക്കാര്‍ ചാപ്പകുത്തിയെന്ന് പ്രചരിപ്പിച്ചത്. എസ്എഫ്ഐക്കാര്‍ കത്തികൊണ്ട് എസ്എഫ്ഐയെന്ന് വരഞ്ഞു, നേതാവ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ഐസിയുവില്‍ എന്നിങ്ങനെ മനോരമ ഉള്‍പ്പെടെ എഴുതി. വെള്ളം ചോദിച്ച നിഷാദിനെ മൂത്രം കുടിപ്പിച്ചെന്ന വാര്‍ത്തയുമുണ്ടായി. എന്നാല്‍, മദ്യപിച്ച് ലക്കുകെട്ട കെഎസ്യുക്കാര്‍തന്നെയാണ് നേതാവിന്റെ പുറത്ത് ചാപ്പകുത്തിയതെന്ന് രണ്ടരവര്‍ഷത്തിനുശേഷം മുന്‍ കെഎസ്യു നേതാവ് ശ്യാംകുമാര്‍ വെളിപ്പെടുത്തി.

 

2016 സെപ്തംബറിലായിരുന്നു ‘മഷിക്കുപ്പി’ സമരം. സ്വാശ്രയ പ്രവേശനത്തെച്ചൊല്ലിയുള്ള നിരാഹാരസമരത്തിന്റെ മറവില്‍ കെഎസ്യു-യൂത്ത് കോണ്‍ഗ്രസുകാര്‍ കലാപമായിരുന്നു ലക്ഷ്യമിട്ടത്. സംഘര്‍ഷമുണ്ടാക്കിയശേഷം ചുവപ്പ് മഷി വസ്ത്രത്തില്‍ ഒഴിച്ച് പൊലീസ് അതിക്രമമെന്ന് വരുത്തുകയായിരുന്നു തിരക്കഥ. സമരക്കാര്‍ കൊണ്ടുവന്ന മഷിക്കുപ്പികള്‍ കണ്ട മാധ്യമ പ്രവര്‍ത്തകര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തെരച്ചിലില്‍ കൂടുതല്‍ കുപ്പികള്‍ കണ്ടെത്തിയതോടെ നാടകം ചീറ്റി.’

 

സോഷ്യല്‍ മീഡിയയിലെ സിപിഐഎം അനുകൂലികള്‍ പരിഹാസരൂപേണ പരാമര്‍ശിക്കാറുള്ള രണ്ട് കാര്യങ്ങളും ദേശാഭിമാനി വസ്തുതയാണെന്ന തരത്തില്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.