രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; മുഴുവൻ പ്രതികൾക്കും വധശിക്ഷ വിധിച്ച് കോടതി

ആലപ്പുഴ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നത്. കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ പൊലീസ് കനത്ത ജാഗ്രയിലാണ്. കോടതി പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്.പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ.

Read more

ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രൺജിത്തിന്റെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തലേന്ന് മണ്ണഞ്ചേരിയില്‍ വെച്ച് SDPI നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്. ഷാൻ വധക്കേസിലെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.