ഷഹനയുടെ മരണം; സജാദിന് ഫുഡ് ഡെലിവറിയുടെ മറവില്‍ ലഹരിക്കച്ചവടമെന്ന് പൊലീസ്

കോഴിക്കോട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നടിയും മോഡലുമായ ഷഹനയുടെ ഭര്‍ത്താവ് സജാദ് ലഹരിക്കടിമയായിരുന്നെന്ന് പൊലീസ്. സജാദിന്റെ വീട്ടില്‍ നിന്നും ലഹരിമരുന്നുകളും പൊലീസ് കണ്ടെത്തി. സജാദ് ഫുഡ് ഡെലിവെറിയുടെ മറവില്‍ ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

ഷഹനയുടേത് ആത്മഹത്യയാണോ എന്ന് ഉറപ്പിക്കുന്നതിന് വേണ്ടി ഇന്ന് വീട്ടില്‍ ശാസ്ത്രീയ പരിശോധന നടത്തും. മരണം ആത്മഹത്യയാണെന്നാണ് പോസ്്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സജാദിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ ഷഹനയെ കഴിഞ്ഞ ദിവസം രാത്രിയാണ് വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വയസായിരുന്നു.വാടക വീട്ടിലെ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പറമ്പില്‍ ബസാര്‍ സ്വദേശിയായ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറമ്പില്‍ ബസാറില്‍ വീട് വാടകയ്ക്കെടുത്താണ് ഷഹനയും സജാദും താമസിച്ചിരുന്നത്.