പുത്തനെന്ന് പറഞ്ഞ് കേരളത്തില്‍ വില്‍ക്കുന്നത് ഓടി പഴകിയ വാഹനങ്ങള്‍; ഒഡോ മീറ്റര്‍ കൃത്രിമം കണ്ടെത്തി; ലക്ഷങ്ങള്‍ പിഴ ചുമത്തി എം,വി,ഡി

കേരളത്തില്‍ വില്‍ക്കുന്ന പുത്തന്‍ വാഹനങ്ങളില്‍ ഡീലര്‍മാര്‍ വ്യാപകമായി കൃത്രിമം നടത്തുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം പ്രവൃത്തികള്‍ തടയാന്‍ നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഡീലര്‍മാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളില്‍ ഒഡോ മീറ്റര്‍ കണക്ഷനില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയത്.

വാഹനം വില്‍പ്പനക്ക് മുമ്പ് നടത്തുന്ന ടെസ്റ്റ് ഡ്രൈവ്, പ്രദര്‍ശത്തിന് കൊണ്ടുപോകല്‍, മറ്റു ഷോറൂമിലേക്ക് സ്റ്റോക്ക് മാറ്റല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും ചില സ്വകാര്യ ആവശ്യങ്ങള്‍ക്കും പുതിയ വാഹനം ഉപയോഗിക്കുമ്പോള്‍ ഓടിയ ദൂരം മീറ്ററില്‍ കാണാതെ തീരെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ കൃത്രിമം നടത്തുന്നത്.

ഇത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനം ആയതിനാല്‍ ഡീലര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താന്‍ ആണ് വ്യവസ്ഥയുള്ളത്. കഴിഞ്ഞദിവസം പാങ്ങ് ചേണ്ടിയില്‍ പൊതുസ്ഥലത്ത് പ്രദര്‍ശനത്തിന് വെച്ച രണ്ട് മോട്ടോര്‍സൈക്കിള്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധിച്ചപ്പോള്‍ ഇരു വാഹനങ്ങളിലെയും ഓഡോ മീറ്റര്‍ കണക്ഷന്‍ വിച്ഛേദിച്ചതായി കണ്ടെത്തി. പെരിന്തല്‍മണ്ണയിലെ ഒരു ഡീലറുടെ കൈവശത്തിലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇല്ലാത്തതിനാലും 10,3000 വീതം പിഴ ചുമത്തി. ആകെ 20,6000 രൂപ പിഴ ചുമത്തിയെന്ന് എംവിഡി അറിയിച്ചു.